തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ അന്തിമ തീരുമാനമായില്ല, നിയന്ത്രണങ്ങളില്‍ എതിര്‍പ്പുമായി ദേവസ്വങ്ങള്‍
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ മാത്രമേ പൂരത്തിനെത്താന്‍ അനുവദിക്കു എന്ന നിബന്ധന മാറ്റണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവരേയും പ്രവേശിപ്പിക്കണമെന്നാണ് ഇരു ദേവസ്വങ്ങളും നിലപാടെടുത്തത്.
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. പൂരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റെ പ്രധാന ആരോപണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ മാത്രമേ പൂരത്തിനെത്താന്‍ അനുവദിക്കു എന്ന നിബന്ധന മാറ്റണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവരേയും പ്രവേശിപ്പിക്കണമെന്നാണ് ഇരു ദേവസ്വങ്ങളും നിലപാടെടുത്തത്.
നാളെ നടക്കുന്ന യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ വ്യക്തമാക്കി. പാപ്പാന്‍മാരുടെ കാര്യത്തിലും ഇളവ് വേണമെന്നാണ് ഉയര്‍ന്ന മറ്റൊരു ആവശ്യം. എല്ലാ പാപ്പാന്‍മാരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന് തെളിയിച്ചാല്‍ മാത്രമേ ആനയുമായി പൂരത്തിന് എത്താന്‍ കഴിയു എന്നാണ് നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ ലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ദേവസ്വം അധികൃതര്‍ മുന്നോട്ടുവച്ച ആവശ്യം.
പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതല്‍ ലഭിക്കും. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ പത്ത് മണി മുതല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. പാസ് ലഭിക്കുന്നതിന് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം.
തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കോവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.
