പരിസ്ഥിതി വിനാശ കെ റെയിൽ വേണ്ട; 99 എംഎൽഎമാർക്കെതിരേ 99 വാഴ നട്ട് പ്രതിഷേധം
പരിസ്ഥിതി ദിനമായ ജൂൺ 5-ന് സംസ്ഥാനത്തുടനീളം ജനകീയ സമിതി യൂനിറ്റുകളുടെ നേതൃത്വത്തിൽ സമര മരം വച്ചു പിടിപ്പിക്കുന്നതിനും തീരുമാനിച്ചതായി സംസ്ഥാന ചെയർമാൻ എം പി ബാബുരാജ്, ജനറൽ കൺവീനർ എസ് രാജീവൻ എന്നിവർ പറഞ്ഞു.
കോഴിക്കോട്: ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 മുതൽ ജൂൺ 6 വരെ ഒരാഴ്ച്ചക്കാലം സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധജനകീയ സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ വാരമായി ആചരിക്കും. കെ റെയിലിന് അനുകൂല നിലപാട് എടുക്കുന്ന 99 എംഎൽഎമാർക്കെതിരേ 99 വാഴ നട്ടും പ്രതിഷേധമറിയിക്കുന്നുണ്ട്.
പരിസ്ഥിതി ദിനമായ ജൂൺ 5-ന് സംസ്ഥാനത്തുടനീളം ജനകീയ സമിതി യൂനിറ്റുകളുടെ നേതൃത്വത്തിൽ സമര മരം വച്ചു പിടിപ്പിക്കുന്നതിനും തീരുമാനിച്ചതായി സംസ്ഥാന ചെയർമാൻ എം പി ബാബുരാജ്, ജനറൽ കൺവീനർ എസ് രാജീവൻ എന്നിവർ പറഞ്ഞു. വാരാചരണത്തിൻ്റെ ഉദ്ഘാടനം മേയ് 31 ന് കാസർകോട് കീഴൂരിൽ സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, ജില്ലാ ചെയർമാൻ വി കെ രവീന്ദ്രൻ, ജില്ലാ ജനറൽ കൺവീനർ അഡ്വ. ടി വി രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ ഇരകൾ തെെകൾ നട്ട് ഉദ്ഘാടനം ചെയ്യും.
സമാപനം ജൂൺ 6ന് കൊല്ലം കുണ്ടറയിലെ സമര സംഗമ വേദിയിൽ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാരാചരണത്തിന്റെ ഭാഗമായി യൂനിറ്റു/ജില്ലാ തലങ്ങളിൽ പദയാത്ര, വൃക്ഷതൈകൾ നടീൽ കുടുംബ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ റയിൽ കല്ല് പിഴുതെറിഞ്ഞ സ്ഥലങ്ങളിലും, കല്ലിടാത്ത, അലൈൻമെൻ്റിൽ ഉൾപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും തെങ്ങോ മറ്റ് ഫലവൃക്ഷ തൈകളോ നട്ട് പരിപാലിക്കാനും സമിതി തീരുമാനിച്ചതായി അവർ അറിയിച്ചു.