മലേസ്യയില്‍ തൂക്കുമന്ത്രിസഭ; മുഹിയുദ്ദീന്‍ യാസിന്റെ ദേശീയ സഖ്യം അധികാരത്തിലേക്ക്

Update: 2022-11-21 01:19 GMT

ക്വാലലംപൂര്‍: മലേസ്യയില്‍ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ നേതൃത്വം നല്‍കുന്ന ദേശീയ സഖ്യം അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ രണ്ട് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ലഭിച്ച യാസിന്‍ അധികാരം ഉറപ്പിക്കുകയായിരുന്നു. 222 അംഗ പാര്‍ലമെന്റില്‍ 82 ഫെഡറല്‍ സീറ്റുമായി പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ പക്തന്‍ ഹരപന്‍ (പിഎച്ച്) സഖ്യമാണ് മുന്നിലെത്തിയത്. യാസിന്റെ പെരികതന്‍ നാഷനല്‍ (പിഎന്‍) സഖ്യത്തിന് 73 സീറ്റാണു ലഭിച്ചത്.

എന്നാല്‍, ബോര്‍നിയോ ദ്വീപിലെ 32 സീറ്റുകള്‍ നേടിയ രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ സഖ്യത്തിനു പിന്തുണ അറിയിച്ചതോടെ യാസിന്‍ അധികാരം നേടി. 49 സീറ്റ് നേടിയ പാന്‍ മലേസ്യന്‍ ഇസ്‌ലാമിക് പാര്‍ട്ടിയും (പിഎഎസ്) യാസിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2018 തിരഞ്ഞെടുപ്പിലെ സീറ്റ് ഇരട്ടിയാക്കിയ പിഎഎസ് ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മലേസ്യ സ്വാതന്ത്ര്യം നേടിയ 1957 മുതല്‍ 2018 വരെ അധികാരത്തിലിരുന്ന യുനൈറ്റഡ് മലായ് നാഷനല്‍ ഓര്‍ഗനൈസേഷനാണ് (യുഎംഎന്‍ഒ) തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടത്.

നിലവിലെ പ്രധാനമന്ത്രി ഇസ്മായില്‍ സാബ്രി യാക്കൂബ് നേതൃത്വം നല്‍കിയ യുഎംഎന്‍ഒ സഖ്യത്തിന് 30 സീറ്റ് മാത്രമാണു ലഭിച്ചത്. യാസിന്‍ സര്‍ക്കാരില്‍ ചെറിയ സഖ്യകക്ഷിയായി ഇവര്‍ വന്നേക്കും. 22 വര്‍ഷം പ്രധാനമന്ത്രി ആയിരുന്ന ഡോ. മഹാതിര്‍ മുഹമ്മദ് തിരഞ്ഞെടുപ്പില്‍ ആദ്യ തോല്‍വി നേരിട്ടു. 97 വയസുള്ള മഹാതിറിനെ ലങ്കാവി മണ്ഡലത്തില്‍ പെരികാറ്റിന്‍ നാസിയോനല്‍ (പിഎന്‍) സഖ്യത്തിലെ ഡാറ്റുക് സുഹെയ്മി അബ്ദുല്ല പരാജയപ്പെടുത്തി. അബ്ദുല്ലയ്ക്ക് 25,463 വോട്ട് ലഭിച്ചപ്പോള്‍ മഹാതിറിന് വെറും 4,566 വോട്ടേ ലഭിച്ചുള്ളൂ.

കെട്ടിവച്ച തുകയും നഷ്ടമായി. ബിഎന്‍ സഖ്യത്തിലെ അര്‍മിഷാ സിറാജ് 11,945 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 2018ല്‍ മഹാതിറിന് 34,527 (54.9%) വോട്ട് ലഭിച്ചിരുന്നു. രാജാവ് അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായുടെ അംഗീകാരം ലഭിച്ചാല്‍ മുഹിയുദ്ദീന്‍ യാസിന്‍ ഇന്ന് അധികാരമേല്‍ക്കും. 2020 മാര്‍ച്ചില്‍ യുഎംഎന്‍ഒയുമായി ചേര്‍ന്ന് അന്‍വര്‍ ഇബ്രാഹിം സര്‍ക്കാരിനെ അട്ടിമറിച്ച് പ്രധാനമന്ത്രിയായ മുഹിയുദ്ദീന്‍ സഖ്യത്തിലെ വിഭാഗീയതയെത്തുടര്‍ന്ന് 17 മാസത്തിനുശേഷം രാജിവച്ചിരുന്നു.

Tags: