150 പേര്‍ കയറേണ്ട തൂക്കുപാലത്തില്‍ 500 ലധികം പേര്‍; പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല, തുറന്നുകൊടുത്തത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Update: 2022-10-31 04:47 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ 141 ഓളം പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ തൂക്കുപാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് റിപോര്‍ട്ട്. പുനര്‍നിര്‍മാണത്തിനുശേഷം സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. സംഭവത്തില്‍ പാലം പുനര്‍നിര്‍മിച്ച ബ്രിഡ്ജ് മാനേജ്‌മെന്റ് ടീമിനെതിരേ കേസെടുത്തു. 150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അപകടസമയത്ത് അഞ്ഞൂറോളം പേരാണുണ്ടായിരുന്നത്. ഇതാണ് ദുരന്തത്തിന് ഇടയാക്കിയത്.

ഒരുകൂട്ടം ആളുകള്‍ മനപ്പൂര്‍വം പാലം കുലുക്കിയതായും ആരോപണമുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള പാലം പുനരുദ്ധരിക്കുന്നതിന് മുമ്പ് അധികൃതരില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പല്‍ മേധാവി എന്‍ഡിടിവിയോട് പറഞ്ഞു. ഒറെവ എന്ന സ്വകാര്യ ട്രസ്റ്റ് ആണ് പാലം നവീകരണത്തിന്റെ സര്‍ക്കാര്‍ ടെന്‍ഡര്‍ ഏറ്റെടുത്തത്. ഏഴുമാസം അടച്ചിട്ടതിനുശേഷം ഒക്ടോബര്‍ 26നാണ് പാലം തുറന്നത്. എന്നാല്‍, പാലം തുറക്കുന്നതിനു മുമ്പ് കമ്പനി അതിന്റെ നവീകരണ വിശദാംശങ്ങള്‍ നല്‍കുകയും ഗുണനിലവാര പരിശോധന നടത്തേണ്ടതുമായിരുന്നു. അത് ചെയ്തില്ല. സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു- മോര്‍ബി മുനിസിപ്പല്‍ ഏജന്‍സി മേധാവി സന്ദീപ്‌സിന്‍ഹ് സാല പറഞ്ഞു.

അതേസമയം, തൂക്കുപാലം തകര്‍ന്ന് നദിയില്‍ പതിച്ച് മരിച്ചവരുടെ എണ്ണം 141 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. 177 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലേറെ പേരാണു നദിയില്‍ പതിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഇന്നലെ പുറത്തുവന്ന ഒരു വീഡിയോയില്‍ നിരവധി പേര്‍ പാലത്തിന് മുകളില്‍ ചാടുന്നതും ഓടുന്നതും കണ്ടു. ഇവരുടെ ചലനം മൂലം കേബിള്‍ പാലം ഇളകുന്നത് കാണാമായിരുന്നു.

രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഉദ്യോഗസ്ഥരുടെയും സംഘങ്ങള്‍ സ്ഥലത്തുണ്ട്, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ചിലര്‍ നീന്തി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.

പാലത്തിന്റെ തകര്‍ന്ന അറ്റങ്ങളില്‍ പലരും പറ്റിപ്പിടിച്ചിരിക്കുന്നതും കാണാമായിരുന്നു. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം നല്‍കും.

Tags: