ചാള്‍സ് രാജകുമാരനെ കൊവിഡ് മുക്തനാക്കിയത് ആയുര്‍വേദമല്ല; അവകാശവാദം തള്ളി ഔദ്യോഗിക വക്താവ്

Update: 2020-04-03 18:55 GMT

ലണ്ടന്‍: ചാള്‍സ് രാജകുമാരനെ കൊറോണ വൈറസ് ബാധയില്‍നിന്ന് മുക്തനാവാന്‍ ആയുര്‍വേദ-ഹോമിയോപ്പതി ചികില്‍സകള്‍ സഹായിച്ചെന്ന അവകാശവാദം തള്ളി ഔദ്യോഗിക വക്താവ് രംഗത്ത്. കേന്ദ്ര ആയുഷ് സഹമന്ത്രിയും ഗോവയില്‍നിന്നുള്ള ലോക്‌സഭാംഗവുമായി ശ്രീപാദ് നായിക്കിന്റെ അവകാശവാദത്തെയാണ് ചാള്‍സ് രാജകുമാരന്റെ ഔദ്യോഗിക വക്താവ് നിഷേധിച്ചത്. ചാള്‍സ് രാജകുമാരന്റെ വക്താവ് എല്ല ലിഞ്ച് വെള്ളിയാഴ്ച ദി ഇന്ത്യന്‍ എക്‌സ്പ്രസിന് അയച്ച ഇമെയിലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഈ വിവരങ്ങള്‍ തെറ്റാണ്. ചാള്‍സ് രാജകുമാരന്‍ യുകെയിലെ എന്‍എച്ച്എസിന്റെ (നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്) വൈദ്യോപദേശമാണ് തേടിയത്. അതില്‍ക്കൂടുതല്‍ വിശദീകരിക്കാനില്ലെന്ന് വക്താവ് അറിയിച്ചു.

    നേരത്തേ, ബംഗളൂരുവില്‍ സൗഖ്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക്ക് മത്തായി തന്നെ ബന്ധപ്പെട്ടെന്നും ചാള്‍സ് രാജകുമാരന് നല്‍കിയ ആയുര്‍വേദ-ഹോമിയോ ചികില്‍സകള്‍ ഫലപ്രദമായെന്ന് പറഞ്ഞതായും ശ്രീപാദ് നായിക്ക് ഗോവയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ചില മാധ്യമങ്ങള്‍ വന്‍ പ്രാധാന്യവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. ചാള്‍സ് രാജകുമാരന്‍ ബെംഗളൂരുവിലുള്ള ആയുര്‍വേദ ഡോക്ടറുടെ ഉപദേശം തേടിയിരുന്നുവോയെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോടാണ് ചാള്‍സ് രാജകുമാരന്റെ വക്താവ് ഇക്കാര്യം നിഷേധിച്ചത്.


Tags:    

Similar News