മാപ്പ് പറയില്ല, പിഴയടക്കില്ല, വക്കീലിനെയും വെക്കില്ല; കോടതിയലക്ഷ്യക്കേസില്‍ പ്രതികരണവുമായി ഹാസ്യതാരം കുനാല്‍ കമ്ര
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രിംകോടതി നടപടിയെ വിമര്‍ശിച്ചതിന് അദ്ദേഹത്തിനെതിരേ അവഹേളനക്കേസുകള്‍ ഫയല്‍ ചെയ്തതിരേ പ്രതികരണവുമായി ഹാസ്യതാരം കുനാല്‍ കമ്ര. വിമര്‍ശനം നടത്തിയതിന്റെ പേരില്‍ തന്റെ ട്വീറ്റുകള്‍ പിന്‍വലിക്കുനോ മാപ്പ് പറയാനോ പിഴയടക്കാനോ തയ്യാറല്ലെന്ന് കുനാല്‍ കമ്ര പറഞ്ഞു.
ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ വിഷയത്തിലായിരുന്നു സുപ്രിംകോടതിയെ പരിഹസിച്ച് കുനാല്‍ ട്വീറ്റ് ചെയ്തത്. സുപ്രിംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കുനാല്‍ കോടതി അലക്ഷ്യ നടപടി നേരിട്ടത്.
എന്നാല്‍ ഈ ട്വിറ്റില്‍ നടപടിക്കായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിക്ക് കത്തെഴുതി. സുപ്രിംകോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നല്‍കിക്കൊണ്ട് അറ്റോണി ജനറല്‍ കത്തില്‍ വ്യക്തമാക്കി. നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതുമാണെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു.
ഇതിന് മറുപടിയാണ് കുനാലിന്റെ കത്ത്. സുപ്രിംകോടതി തനിക്ക് നല്ലൊരു വേദിയാണ് എന്നാണ് കുനാല്‍ കത്തില്‍ പറയുന്നത്. സുപ്രിംകോടതിക്ക് മുന്നില്‍ തനിക്ക് പെര്‍ഫോം ചെയ്യാം കഴിയുമെന്ന് കുനാല്‍ പ്രതീക്ഷ പ്രകടപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തി സ്വതന്ത്ര്യത്തില്‍ സുപ്രീംകോടതി പുലര്‍ത്തുന്ന മൌനം വിമര്‍ശിക്കപ്പെടാത്തോളം തന്റെ കാഴ്ചപ്പാടില്‍ മാറ്റമില്ലെന്ന് കുനാല്‍ പറയുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള ഹാസ്യതാരമാണ് കുനാല്‍ കമ്ര.
