കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പോലിസുകാരനെതിരേ നടപടിയില്ല; രാജിവയ്ക്കുകയാണെന്ന് യുവ ഡോക്ടര്‍

Update: 2021-06-24 04:34 GMT

മാവേലിക്കര: കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പോലിസുകാരനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെ് യുവ ഡോക്ടര്‍. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് ഫേസ് ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്. ചികില്‍സാ പിഴവ് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചിരുന്നത്. ഇക്കഴിഞ്ഞ മെയ് 14ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവ് ലാലിക്ക് ഗുരുതരമായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് മാതാവ് മരിച്ചതിന്റെ പിറ്റേദിവസം അഭിലാഷ് ആശുപത്രിയിലെത്തി രാഹുല്‍ മാത്യുവിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസത്തോളം മാവേലിക്കരയില്‍ സമരം നടത്തിയെങ്കിലും ഇതുവരെ ഒരു നടപടിയുമെടുത്തില്ലെന്ന് രാഹുല്‍ മാത്യു ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍വീസില്‍ നിന്ന് രാജി വയ്ക്കുന്നതെന്നും ഡോ. രാഹുല്‍ മാത്യു ഫേസ് ബുക്കിലൂടെ അറിയിച്ചു.

    പ്രതിയായ പോലിസുകാരന്‍ കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആളാണെന്നു തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആണെന്നു കണ്ടെത്തുകയും ചെയ്തതിനാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു പോലിസ് ആദ്യം അറിയിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് സിവില്‍ പോലിസ് ഓഫിസര്‍ അഭിലാഷ് ആര്‍ ചന്ദ്രനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പോലിസ് നടപടിയെടുത്തിരുന്നില്ല.

No action against policeman beaten while on duty; Young doctor said he was resigning

Tags: