സൂറത്കല്‍ ഫാസില്‍ കൊലക്കേസ്: അന്വേഷണം ഊര്‍ജിതമാക്കി പോലിസ്; പ്രതികളെ കണ്ടെത്താനായില്ല
മംഗളൂരു: മംഗലൂരു സൂറത്കലില്‍ ഫാസില്‍ എന്ന യുവാവിനെ കടയുടെ മുന്നില്‍ വച്ച് സംഘപരിവാര്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനായില്ലെന്ന് പോലിസ്. അന്വേഷണം ഊര്‍ജിതമാണെന്നും എന്നാല്‍ നാലംഗ കൊലയാളി സംഘത്തെ കണ്ടെത്താനായിട്ടില്ലെന്നും പോലിസ് അറിയിച്ചു. കൊല്ലപ്പെട്ട ഫാസിലിന്റെ സംസ്‌കാരം ഇന്ന് സൂറത്കലില്‍ നടക്കും. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളിലെ നിരോധനാജ്ഞ ഇന്നും തുടരും. കൂടുതല്‍ പോലിസിനെ മേഖലയില്‍ വിന്യസിച്ചു. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ ക്യാംപ് ചെയ്യുകയാണ്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നുണ്ട്.
കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് മസൂദ്(19) എന്ന യുവാവാണ് കര്‍ണാടകയില്‍ ആദ്യം കൊല്ലപ്പെട്ടത്. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മസൂദിനെ സുള്ള്യയില്‍ വച്ച് ബജ്‌റംഗ്ദള്‍ സംഘം കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കൊല്ലപ്പെട്ടു. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കല്‍ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് ഫാസില്‍. ഇയാളുടെ കടയുടെ മുന്നില്‍ വച്ചാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വന്ന വാഹനത്തില്‍ രക്ഷപ്പെട്ടു. അക്രമികള്‍ എത്തിയ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
രണ്ട് ദിവസം മുമ്പ് വെട്ടേറ്റ് മരിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
