നിസാറിന് നാട്ടുകാരുടേയും സഹപ്രവര്‍ത്തകരുടേയും യാത്രാമൊഴി

Update: 2023-01-04 14:43 GMT

പട്ടാമ്പി: അര്‍ബുദ ബാധിതനായി മരണപ്പെട്ട വിചാരണത്തടവുകാരന്‍ പട്ടാമ്പി മരുതൂര്‍ നന്തിയാരത്ത്

മുഹമ്മദ് മകന്‍ അബ്ദുല്‍ നാസര്‍ എന്ന നിസാറിന്(40) നാട്ടുകാരുടേയും നൂറ് കണക്കിന് സഹപ്രവര്‍ത്തകരുടേയും യാത്രാമൊഴി.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ അന്യായമായി പ്രതിയാക്കിയാണ് അബ്ദുൽ നാസറിനെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മലമ്പുഴ ജില്ലാ ജയിലില്‍ റിമാന്റില്‍ ആയിരുന്ന നിസാറിനെ രണ്ട് മാസം മുമ്പ് കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ ജയിലില്‍ വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും അസുഖം രൂക്ഷമാണെന്ന് വ്യക്തമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയുമായിരുന്നു. ഇവിടത്തെ പരിശോധനകളില്‍ അബ്ദുല്‍ നാസറിന് കാന്‍സര്‍ രോഗമാണെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ മരണം സംഭവിച്ചത്. അബ്ദുല്‍ നാസറിന് വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രോസിക്യൂഷനും കണ്ണൂര്‍ ജയില്‍ സുപ്രണ്ടും പഴയ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതിനാല്‍ ജാമ്യം വൈകുകയായിരുന്നു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അബ്ദുല്‍ നാസറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും ജാമ്യാപേക്ഷ ജനവരി 4 ബുധനാഴ് പരിഗണിക്കാനിരിക്കെയാണ് അബ്ദുല്‍ നാസറിന് മരണം സംഭവിച്ചത്. ജാമ്യം ലഭിക്കാതിരിക്കാനായി ജാമ്യാപേക്ഷയില്‍ മനപ്പൂര്‍വ്വം പഴയ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് പോലെ അബ്ദുള്‍ നാസറിന്റെ മരണ വിവരവും പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ വിവരം അധികൃതര്‍ക്ക് നല്‍കാത്തതിനാല്‍ പോസ്റ്റ് മോര്‍ട്ടവും തുടര്‍ നടപടികളും ബുധനാഴ്ചയാണ് നടത്താനായത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം മൂന്നരയോടെ ജനാസ നമസ്‌കാര ശേഷം മരുതൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്തു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ ചടങ്ങുകളില്‍ പങ്കെടുത്തു.

പാത്തുമ്മയാണ് അബ്ദുന്നാസറിന്റെ മാതാവ്. ഭാര്യ: ഖദീജ. മകന്‍: നിയാസ്.