'പാലം തകരാന്‍ കാരണം കാറ്റ്'; ഐഎഎസ് ഉദ്യോഗസ്ഥന്റെ വിശദീകരണം അത്ഭുതപ്പെടുത്തിയെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പാലം തകരാന്‍ കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബിഹാര്‍ സുല്‍ത്താന്‍ഗഞ്ചില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. പാലം തകരാനുള്ള കാരണം ചോദിച്ചപ്പോള്‍ 'ശക്തമായ കാറ്റ് കാരണമാണ് പാലം തകര്‍ന്നതെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗംഗാ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലം ഏപ്രില്‍ 29 നാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഇടിമിന്നല്‍ കാരണമാണ് പാലം തകര്‍ന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
'ഏപ്രില്‍ 29 ന് ബീഹാറില്‍ ഒരു പാലം വീണു. പാലം തകരാനുള്ള കാരണം ഞാന്‍ എന്റെ സെക്രട്ടറിയോട് ചോദിച്ചു. ശക്തമായ കാറ്റ് കാരണമാണ് പാലം തകര്‍ന്നതെന്ന് സെക്രട്ടറി പറഞ്ഞു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം വിശ്വസിക്കാന്‍ കഴിയുക. ശക്തമായ കാറ്റില്‍ ഒരു പാലം എങ്ങനെ തകരുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തെങ്കിലും പിശക് കാരണമായിരിക്കാം പാലം തകര്‍ന്നതെന്ന് ഞാന്‍ കരുതുന്നുഗഡ്കരി ഒരു ചടങ്ങില്‍ പറഞ്ഞു.