നിര്‍ഭയ കേസ്: വധശിക്ഷയില്‍ തീരുമാനം ഇന്ന്; പ്രതികളുടെ ഹര്‍ജികള്‍ കോടതിയില്‍
കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തേ തള്ളിയതാണ്.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറില്‍ ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തേ തള്ളിയതാണ്.
എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പവന്‍ഗുപ്ത ഇന്ന് ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും.
അതേ സമയം. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയും ദയാഹര്‍ജിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം.
2012 ഡിസംബര്‍ 12നാണ് രാജ്യ തലസ്ഥാനത്തെ നടുക്കിയ സംഭവം.സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെണ്‍കുട്ടിയെ ആറംഗ സംഘം ഓടുന്ന ബസ്സില്‍ വച്ച് ക്രൂരബലാല്‍സംഗത്തിനിരയാക്കി പുറത്തേക്കെറിയുകയായിരുന്നു. രാത്രി 11 മണിയോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചത്. ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചു.
