നിപ: ജനങ്ങളുടെ ആശങ്ക മുതലെടുക്കാന്‍ പ്രതിലോമ പ്രചാരണങ്ങള്‍ നടക്കാനിടയുണ്ടെന്ന് മുഖ്യമന്ത്രി

Update: 2023-09-14 13:30 GMT

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ആശങ്കകളെ മുതലെടുക്കാന്‍ പല പ്രതിലോമ പ്രചാരണങ്ങളും നടക്കാനിടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ വൈറസിനെയും അതുവഴിയുണ്ടാകുന്ന രോഗബാധയെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലേ ഈ കള്ളപ്രചാരണങ്ങളെ ചെറുക്കാന്‍ സാധിക്കൂ. രോഗ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും ഇക്കാര്യത്തില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പാലിക്കേണ്ടതുണ്ട്. അനാവശ്യ ഭീതി പടരുന്ന രീതിയിലോ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന രീതിയിലോ ഉള്ള റിപോര്‍ട്ടിങ് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. രോഗബാധയെ പ്രതിരോധിക്കാനും ശാസ്ത്രീയമായ അറിവ് പ്രധാനമാണ്. കള്ളപ്രചാരണങ്ങളില്‍ വീണുപോവാതെ ജാഗ്രതയോടെ നമുക്ക് ഒരിക്കല്‍ കൂടി നിപ്പയെ ചെറുക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. നിപ വൈറസ് ബാധയെ പറ്റിയും അതിനെതിര സ്വീകരിക്കേണ്ട പ്രതിവിധികളെ പറ്റിയുമുള്ള വീഡിയോ പങ്കുവച്ചാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.

Tags: