കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് ആരോഗ്യപ്രവര്‍ത്തകന്

Update: 2023-09-13 16:48 GMT

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിതരുടെ എണ്ണം മൂന്നായി. മൂന്നുപേരും കോഴിക്കോട്ടുള്ളവരാണ്. അതിനിടെ, മഞ്ചേരിയില്‍ ഒരാള്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. നിപ പോസിറ്റീവായവരെത്തിയ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഇടപഴകിയ മറ്റ് വ്യക്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നേരത്തേ മരണപ്പെട്ടവരുമായി സമ്പര്‍ക്ക പട്ടികയിലുള്ളത് 706 പേരാണ്. ഇതില്‍ 77 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണ്. അതില്‍ 157 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. 13 പേര്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലുണ്ട്. അവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഫോണ്‍ വഴി കൗണ്‍സലിങ് നല്‍കുന്നുണ്ട്. 248 പേര്‍ക്ക് ഇതിനോടകം ഫോണ്‍ വഴി കൗണ്‍സലിങ് നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളെ വാര്‍ഡ് തിരിച്ചു സന്നദ്ധ പ്രവര്‍ത്തകരെ ക്രമീകരിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബാഡ്ജ് നല്‍കും. പഞ്ചായത്ത് ആണ് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കേണ്ടത്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഇവര്‍ ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

    അതിനിടെ, നിപ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സപ്തംബര്‍ 24 വരെ കോഴിക്കോട് ജില്ലയില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ക്ക് ആവശ്യമായ തീരുമാനം എടുക്കാന്‍ ചുമതല നല്‍കിയിട്ടുണ്ട്. ആഗസ്ത് 30 നു മരണപ്പെട്ട ആളാവാം നിപയുടെ ഉറവിടമെന്നാണ് സംശയിക്കുന്നത്. മരണപ്പെട്ടയാള്‍ കൃഷി ഭൂമിയില്‍ പോയിരുന്നതായി പറയുന്നു. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത് ജാനകിക്കാടിന് അടുത്താണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധത്തിനായി സംസ്ഥാനതലത്തില്‍ തന്നെ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ദിശയുടെ പ്രവര്‍ത്തനം ഏത് നേരവും സജ്ജമാണ്. റാപിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രതിരോധ പ്രവര്‍ത്തനവും സ്വീകരിച്ചു. ആരോപണ പ്രത്യാരോപണങ്ങളുടെ സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു.

Tags: