മദ്‌റസകളില്‍ ഇനി ഗീതയും രാമായണവും പശുത്തൊഴുത്ത് വൃത്തിയാക്കലും; എന്‍ഐഒഎസ് കരിക്കുലം വിവാദത്തില്‍

പ്രാഥമിക ഘട്ടത്തില്‍ നൂറ് മദ്‌റസകളിലാണ് ഇത് നടപ്പാക്കുക. പിന്നീട് അഞ്ഞൂറു മദ്‌റസകളിലേക്ക് വ്യാപിപ്പിക്കുമെന്ന് നിയോസ് ചെയര്‍മാന്‍ സരോജ് ശര്‍മ്മ പറഞ്ഞു.

Update: 2021-03-03 04:40 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിന്റെ(എന്‍ഐഒഎസ്) പുതിയ കരിക്കുലത്തില്‍ ഗീതയും രാമായണവും പശുത്തൊഴുത്ത് വൃത്തിയാക്കലും സൂര്യനമസ്‌കാരവും. എന്‍ഐഒഎസിന് കീഴിലുള്ള മദ്‌റസകളിലും ഇവ പഠിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കരിക്കുലം പരിഷ്‌കരിച്ചത്.

ഭാരതീയ ജ്ഞാനപരമ്പര എന്ന പേരിലാണ് പുതിയ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നത്. യോഗ, വേദം, ശാസ്ത്രം, വൊക്കേഷണല്‍ സ്‌കില്‍, സംസ്‌കൃതം, രാമായണം, മഹാഭാരതം, ഭഗവ് ഗീത, മഹേശ്വര സൂത്ര എന്നിങ്ങനെ 15 കോഴ്‌സുകളാണ് പരമ്പരയ്ക്ക് കീഴിലുള്ളത്.

പതഞ്ജലി കൃതസൂത്ര, യോഗസൂത്ര, സൂര്യനമസ്‌കാരം, ആസന, പ്രണായാമം തുടങ്ങിയവയാണ് യോഗയ്ക്ക് കീഴിലുള്ളത്. വൊക്കേഷണല്‍ സ്‌കില്‍സിന് കീഴില്‍ പശുത്തൊഴുത്ത് വൃത്തിയാക്കലും ഉദ്യാനപരിപാലനവും കൃഷിയുമുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ രമേശ് പൊഖ്‌റിയാല്‍ ആണ് പുതിയ കരിക്കുലം പുറത്തിറക്കിയത്. എന്‍ഐഒഎസിന് കീഴിലുള്ള മദ്‌റസകളിലേക്കും കരിക്കുലം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ നൂറ് മദ്‌റസകളിലാണ് ഇത് നടപ്പാക്കുക. പിന്നീട് അഞ്ഞൂറു മദ്‌റസകളിലേക്ക് വ്യാപിപ്പിക്കുമെന്ന് നിയോസ് ചെയര്‍മാന്‍ സരോജ് ശര്‍മ്മ പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പൊതു വിദ്യാഭ്യാസ സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്(എന്‍ഐഒഎസ്).