നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കാന്‍ സാധ്യത; ഔദ്യോഗികമായി ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. വധശിക്ഷക്ക് വിധിച്ച ജൂലായ് 16 എന്ന തിയ്യതി മാറ്റി വയ്ക്കണം എന്ന് ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ യമനിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചതായി അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതി മുമ്പാകെ അറിയിച്ചു. ആവശ്യം യമന്‍ അംഗീകരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
എന്നാല്‍, ഇന്ത്യന്‍ എംബസികള്‍ യമനില്‍ പ്രവര്‍ത്തനക്ഷമം എല്ലാത്തതിനാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് യമനില്‍ ഇടപെടുന്നതിന് പരിമിതികളുള്ളതിനാല്‍ യമനിലെ ശൈഖുമാര്‍ മുഖേനയും ഇടപെടലുകള്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. നയതന്ത്രപരമായ പരിമിതികള്‍ ഉള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല എന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
നിമിഷപ്രിയക്ക് വേണ്ടി ദയാദനം നല്‍കാന്‍ ആക്ഷന്‍ കൗണ്‍സില്‍ വഴി തയ്യാറാണെന്ന് അറ്റോര്‍ണി ജനറല്‍ മുഖേന യമനിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മുമ്പാകെ ഊന്നിപറഞ്ഞിട്ടുണ്ട്. ആവശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചതായും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.