നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 മരണം; 37 പേര്‍ക്ക് ഗുരുതര പരിക്ക്
37 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയാമേയിലെ ദിയോറി ഹമാനി രാജ്യാന്തര വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.
നിയാമേ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര്‍ കൊല്ലപ്പെട്ടു. 37 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയാമേയിലെ ദിയോറി ഹമാനി രാജ്യാന്തര വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ആര്‍എന്‍ 1 റോഡിലൂടെ ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട ടാങ്കറില്‍നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്.
പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ധനം ചോര്‍ന്നുകൊണ്ടിരുന്ന ടാങ്കറിന് സമീപത്തുകൂടി മോട്ടോര്‍ സൈക്കിള്‍ കടന്നുപോയപ്പോഴുണ്ടായ തീപ്പൊരിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ആഭ്യന്തരമന്ത്രി മുഹമ്മദ് ബാസോം പറഞ്ഞു. നൈജര്‍ പ്രസിഡന്റ് മഹമദു ഇസോഫു പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുള്ള അപകടം സര്‍വസാധാരണമാണ്. 2012ലുണ്ടായ ടാങ്കര്‍ സ്‌ഫോടനത്തില്‍ 100 പേരാണ് നൈജറില്‍ കൊല്ലപ്പെട്ടത്.