കാബൂൾ ഗുരുദ്വാര ആക്രമണം എൻ‌ഐ‌എ അന്വേഷിക്കും; നിയമഭേദ​ഗതിക്ക് ശേഷമുള്ള ആദ്യ വിദേശ കേസ്

കാസർകോട് തൃക്കരിപ്പൂരിലെ മുഹമ്മദ് മുഹ്‌സിൻ (29) അക്രമികളിൽ ഒരാളാണെന്ന് സംശയിക്കുന്നതായി എൻഐഎ പറഞ്ഞു.

Update: 2020-04-02 07:30 GMT

ന്യൂ‍ഡൽഹി: മാർച്ച് 25 ന് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ആക്രമണം എൻ‌ഐ‌എ അന്വേഷിക്കും. ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പിടിഐ റിപോർട്ട് ചെയ്തു. ആക്രമണത്തിൽ 27 സിഖ് ആരാധകർ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് പുറത്ത് നടന്ന ആക്രമണത്തിൽ എൻഐഎ കേസ് ഫയൽ ചെയ്യുന്ന ആദ്യ സംഭവമാണിത്. ഭേദഗതി വരുത്തിയ എൻ‌ഐ‌എ നിയമപ്രകാരം, ഇന്ത്യൻ പൗരന്മാരെ ബാധിക്കുകയോ ഇന്ത്യയുടെ താൽപ്പര്യത്തെ ബാധിക്കുകയോ ചെയ്യുന്ന, ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്ക് അധികാരമുണ്ട്. ഇന്ത്യയിൽ നിന്നുള്ള സിഖ് ആരാധകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, യുഎപിഎയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആക്രമണം നടക്കുമ്പോൾ 150 ഓളം പേർ ഗുരുദ്വാരയിൽ ഉണ്ടായിരുന്നു. ടിയാൻ സിങ് എന്ന ഇന്ത്യൻ പൗരനും കൊല്ലപ്പെട്ടിരുന്നു. കാസർകോട് തൃക്കരിപ്പൂരിലെ മുഹമ്മദ് മുഹ്‌സിൻ (29) അക്രമികളിൽ ഒരാളാണെന്ന് സംശയിക്കുന്നതായി എൻഐഎ പറഞ്ഞു. ഖൊറാസാൻ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

മുഹമ്മദ് മുഹ്‌സിൻ 2018ൽ അഫ്​ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുകയാണെന്നാണ് എൻഐഎ ഭാഷ്യം. മുഹ്‌സിന്റെ മാതാപിതാക്കൾ താമസിക്കുന്ന പയ്യന്നൂർ കാറമേലിൽ എൻഐഎ ഉദ്യോഗസ്ഥരും കേരള പൊലിസിന്റെ സ്പെഷൽ ബ്രാഞ്ച് സംഘവും എത്തി വിവരങ്ങൾ ശേഖരിച്ചു. 

Tags:    

Similar News