മാവോവാദി ബന്ധമാരോപിച്ച് കണ്ണൂരിൽ യുവാവിനെ എൻഐഎ അറസ്റ്റ് ചെയ്തു
ശനിയാഴ്ച്ച വൈകീട്ട് കസ്റ്റഡിയിൽ എടുത്ത തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രയുടെ അറസ്റ്റ് ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് എൻഐഎ രേഖപ്പെടുത്തിയത്.
കണ്ണൂർ: കണ്ണൂർ അഴീക്കൽ ചാലിൽ നിന്നും മാവോവാദി ബന്ധമാരോപിച്ച് യുവാവിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് വളപട്ടണം പോലിസിന്റെ നേതൃത്വത്തിലായിരുന്നു കസ്റ്റഡിയിൽ എടുത്തതെന്ന് കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു. തുടർന്ന് എൻഐഎ കൊച്ചി യൂനിറ്റിൽ നിന്നുള്ള സംഘമെത്തിയാണ് രാഘവേന്ദ്ര എന്ന രവി മുരുകേശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റു ചെയ്ത രാഘവേന്ദ്രയെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച്ച വൈകീട്ട് കസ്റ്റഡിയിൽ എടുത്ത തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രയുടെ അറസ്റ്റ് ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് എൻഐഎ രേഖപ്പെടുത്തിയത്. ഗൗതം, രവി മുരുകേശ് എന്നീ പേരുകളിൽ അറിയപ്പെടുന്ന യുവാവിനെ കണ്ണൂർ പോലിസ് ക്ലബ്ബിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണുരിൽ അജ്ഞാതരായ മൂന്നു പേർ വാഹനത്തിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് രവി മുരുകേശിനെ പിടികൂടിയതെന്ന് എസ്പി അറിയിച്ചു. ഇയാളിൽ നിന്നും രണ്ടു വ്യത്യസ്ത മേൽവിലാസമുള്ള ആധാർ കാർഡ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. രാഘവേന്ദ്രയുടെ കൂടെ വയനാട് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും അവർക്ക് മാവോവാദി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചുവെന്ന് പോലിസ് പറയുന്നു.
എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട് പോലിസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വൈരുദ്ധ്യം നിറഞ്ഞതാണ്. വളപട്ടണം പോലിസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ശനിയാഴ്ച്ച വൈകീട്ട് വളപട്ടണം പോലിസ് കസ്റ്റഡിയിലെടുത്തതാണെന്ന വിവരമാണ് തേജസ് ന്യൂസിനോട് പങ്കുവച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ രാജേഷ് ഇത് നിഷേധിച്ചു. വളപട്ടണം പോലിസ് രാഘവേന്ദ്രയെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥരും അതിൽ പങ്കാളിയല്ലെന്നും അദ്ദേഹം തേജസ് ന്യൂസിനോട് പ്രതികരിച്ചു.
മലപ്പുറം എടക്കര പോലിസ് സ്റ്റേഷനിൽ 2017 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണെന്ന് കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ ആർ ഇളങ്കോ അറിയിച്ചു. കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തിയിരുന്ന കേസ് ഒരു മാസം മുമ്പാണ് എൻഐഎ ഏറ്റെടുത്തത്.
