പന്തീരാങ്കാവ് കേസിലെ സുപ്രിംകോടതി നിരീക്ഷണം; എൻഐഎ പ്രതിരോധത്തിൽ

സമീപകാലത്ത് ഉയർന്നുവന്ന നിരവധി യുഎപിഎ കേസുകളിൽ നിരോധിത സംഘടനകളുമായി ബന്ധമാരോപിച്ചായിരുന്നു അറസ്റ്റുകൾ.

Update: 2021-10-30 05:19 GMT

കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിൽ പ്രതികൾക്കു ജാമ്യം നൽകിക്കൊണ്ടുള്ള സുപ്രിംകോടതി നിരീക്ഷണങ്ങൾ എൻഐഎയെ പ്രതിരോധത്തിലാക്കുന്നു. നിരോധിത സംഘടനകൾക്കുള്ള കേവല പിന്തുണയുടെ പേരിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ (യുഎപിഎ) നിയമത്തിന്റെ 38, 39 വകുപ്പുകൾ ചുമത്താനാകില്ലെന്ന്‌ സുപ്രിംകോടതി പറഞ്ഞത് രാജ്യത്തെ പല കേസുകളെയും ബാധിച്ചേക്കും.

സമീപകാലത്ത് ഉയർന്നുവന്ന നിരവധി യുഎപിഎ കേസുകളിൽ നിരോധിത സംഘടനകളുമായി ബന്ധമാരോപിച്ചായിരുന്നു അറസ്റ്റുകൾ. കുറ്റാരോപിതർക്ക് ജാമ്യം ലഭിക്കുന്നത് തടയാനും കുറ്റപത്രം സമർപ്പിക്കുന്നതിൽ കൂടുതൽ സമയം ലഭിക്കാനും യുഎപിഎ നിയമത്തിൽ വ്യവസ്ഥയുണ്ട്. സാധാരണ കേസുകളിൽ അറസ്റ്റുനടന്ന്‌ അറുപതോ തൊണ്ണൂറോ ദിവസത്തിനകമാണ് കോടതിയിൽ കുറ്റപത്രം നൽകേണ്ടതെങ്കിൽ യുഎപിഎ കേസുകൾക്ക്‌ 180 ദിവസത്തെ സാവകാശം ലഭിക്കും.

നിരോധിത സംഘടനയുമായുള്ള കേവല ബന്ധത്തിന്റെപേരിൽ 38, 39 വകുപ്പുകൾ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി സംഘടനയുമായുള്ള ബന്ധവും പിന്തുണയും ഭാവിയിൽ സായുധ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണെങ്കിൽ മാത്രമാണ് ഈ വകുപ്പുകൾ ചുമത്തേണ്ടതെന്നും പറഞ്ഞിരുന്നു.

ഇതോടെ ഭീമാകൊറേ​ഗാവ്, ഡൽഹി പൗരത്വ പ്രക്ഷോഭ കേസ് തുടങ്ങിയ കേസുകളിലും ഈ വിധി ​ഗുണകരമാകും എന്നാണ് നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് എൻഐഎയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ വകുപ്പുകൾ ചൂണ്ടിക്കാണിച്ചാണ് യുഎപിഎ കേസുകളിൽ കുറ്റാരോപിതർക്ക് ജാമ്യം നൽകരുതെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെടാറുള്ളത്.