ന്യൂസ്‌ക്ലിക്ക് കേസിൽ ഗൗതം നവ്‌ലാഖയെ ചോദ്യം ചെയ്യാൻ ഇഡിക്ക് അനുമതി നൽകി എൻഐഎ കോടതി
നവ്‌ലാഖയെ അറസ്റ്റ് ചെയ്യാനാണോ ഉദ്ദേശിക്കുന്നതെന്ന് അന്വേഷണ ഏജൻസിയോട് കോടതി ചോദിച്ചപ്പോൾ, മൊഴി രേഖപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്ന് കോടതിയെ അറിയിച്ചെങ്കിലും, ആവശ്യമെങ്കിൽ നവ്‌ലാഖയെ അറസ്റ്റ് ചെയ്യുമെന്നും അതനുസരിച്ച് തീരുമാനമെടുക്കുമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
മുംബൈ: ഭീമാകൊറേഗാവ് കേസിൽ മാവോവാദി ബന്ധമാരോപിച്ച് തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഗൗതം നവ്‌ലാഖയെ ചോദ്യം ചെയ്യാൻ എൻഐഎ കോടതി ഇഡിക്ക് അനുമതി നൽകി. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് തലോജ ജയിലിൽ വച്ച് ചോദ്യംചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി അനുമതി നൽകിയത്.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 50 പ്രകാരം നവ്‌ലാഖയുടെ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി ഏജൻസി കഴിഞ്ഞയാഴ്ച പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.
നവ്‌ലാഖയെ അറസ്റ്റ് ചെയ്യാനാണോ ഉദ്ദേശിക്കുന്നതെന്ന് അന്വേഷണ ഏജൻസിയോട് കോടതി ചോദിച്ചപ്പോൾ, മൊഴി രേഖപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്ന് കോടതിയെ അറിയിച്ചെങ്കിലും, ആവശ്യമെങ്കിൽ നവ്‌ലാഖയെ അറസ്റ്റ് ചെയ്യുമെന്നും അതനുസരിച്ച് തീരുമാനമെടുക്കുമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
2021 മാർച്ച് 24 ന് നവ്‌ലാഖക്കെതിരേ എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഏജൻസി കോടതിയെ അറിയിച്ചു. തുടർന്ന് എൻഐഎ പ്രത്യേക ജഡ്ജി ദിനേഷ് ഇ കോതാലിക്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹരജി അനുവദിച്ചു.
2022 ഫെബ്രുവരി 23 മുതൽ 25 വരെ ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ തലോജ ജയിലിൽ വെച്ച് നവ്‌ലാഖയെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും ഡെപ്യൂട്ടി ഡയറക്ടർ രാകേഷ് രഞ്ജൻ കുമാറിനും ദീപക് കുമാറിനും സംഘത്തിനും കോടതി അനുമതി നൽകി. ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാനും തലോജ ജയിൽ സൂപ്രണ്ടിനോട് ജഡ്ജി നിർദേശിച്ചു.