95 ശതമാനം ഫലസ്തീന്‍ തടവുകാരും ഇസ്രയേലിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയാവുന്നതായി പഠനറിപോര്‍ട്ട്
ഫലസ്തീന്‍ പ്രിസണ്‍സ് ക്ലബ് എന്ന സംഘടനയാണ് ഇസ്രയേല്‍ അറസ്റ്റുചെയ്യുന്ന ഫലസ്തീന്‍ തടവുകാരില്‍ 95 ശതമാനം പേരും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഫലസ്തീനികളെ അറസ്റ്റുചെയ്തതു മുതല്‍ പീഡനമുറകള്‍ ആരംഭിക്കുകയാണ്. തുടര്‍ച്ചയായ ചോദ്യംചെയ്യലിലും തുടര്‍ന്ന് പൊതുജയിലുകളില്‍ അടച്ചശേഷവും പീഡനം തുടരുന്നു.
റാമല്ല: ഫലസ്തീന്‍ തടവുകാര്‍ ജയിലുകളില്‍ അനുഭവിക്കുന്ന ക്രൂരപീഡനങ്ങള്‍ വെളിപ്പെടുത്തി ഫലസ്തീന്‍ എന്‍ജിഒയുടെ പഠനറിപോര്‍ട്ട്. ഫലസ്തീന്‍ പ്രിസണ്‍സ് ക്ലബ് എന്ന സംഘടനയാണ് ഇസ്രയേല്‍ അറസ്റ്റുചെയ്യുന്ന ഫലസ്തീന്‍ തടവുകാരില്‍ 95 ശതമാനം പേരും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഫലസ്തീനികളെ അറസ്റ്റുചെയ്തതു മുതല്‍ പീഡനമുറകള്‍ ആരംഭിക്കുകയാണ്. തുടര്‍ച്ചയായ ചോദ്യംചെയ്യലിലും തുടര്‍ന്ന് പൊതുജയിലുകളില്‍ അടച്ചശേഷവും പീഡനം തുടരുന്നു. 1967 മുതലുള്ള കണക്കുകള്‍പ്രകാരം ഇസ്രയേല്‍ അധികൃതര്‍ 73 ഫലസ്തീന്‍ തടവുകാരെ പീഡിപ്പിച്ചിട്ടുണ്ട്.
2013 ല്‍ മഗേഡോ ജയിലില്‍ പീഡനത്തിനിരയാക്കി ഫലസ്തീന്‍കാരനായ അറഫാത്ത് ജരാദത്തിനെ കൊലപ്പെടുത്തിയതാണ് ഇതിന് പ്രധാന തെളിവായി എന്‍ജിഒ ചൂണ്ടിക്കാട്ടുന്നത്. അറസ്റ്റുചെയ്ത് അഞ്ചുദിവസത്തിനുശേഷമാണ് അറഫാത്ത് ജയിലില്‍ കൊല്ലപ്പെടുന്നത്. 2014 ല്‍ ഇസ്രയേല്‍ സൈന്യം റായിഡ് ജെബാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തി. 2018 ലാണ് യാസീന്‍ സരദീജിനെ സൈന്യം കൊലപ്പെടുത്തുന്നത്. ദിവസങ്ങള്‍ നീണ്ട ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ തൊട്ടടുത്തുനിന്ന് വെടിവച്ചാണ് സരദീജിനെ കൊലപ്പെടുത്തിയതെന്നാണ് എന്‍ജിഒ പറയുന്നത്. അതേ വര്‍ഷംതന്നെ ഇസ്രയേല്‍ സൈന്യത്തിന്റെ പീഡനങ്ങള്‍ക്കൊടുവില്‍ അസീസ് ഒവീസത്ത് എന്ന ഫലസ്തീനിയും കൊല്ലപ്പെട്ടു.
2019ല്‍ രണ്ടു ഫലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ഇല്ലാതാക്കിയത്. 2019 സപ്തംബറിലാണ് ആദ്യസംഭവം. മുഹമ്മദ് ഖത്തീബ് റിമാവിയെന്നയാളെ വീട്ടില്‍നിന്നാണ് ഇസ്രയേല്‍ സൈന്യം അറസ്റ്റുചെയ്തുകൊണ്ടുപോയത്. അപ്പോള്‍ മുതല്‍ പീഡനമുറകള്‍ ആരംഭിക്കുകയും വൈകാതെ തന്നെ ഇയാള്‍ കൊല്ലപ്പെടുകയുമായിരുന്നു. 2019 ജൂലൈ 16നാണ് നാസര്‍ തഖാത്ഖയെന്ന ഫലസ്തീന്‍കാരനും ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരതകള്‍ക്കൊടുവില്‍ കൊല്ലപ്പെടുകയാണുണ്ടായതെന്ന് ഫലസ്തീന്‍ പ്രിസണ്‍സ് ക്ലബ് വ്യക്തമാക്കി.
