ജോലിയില്‍ ഹാജരാവാനുള്ള ഉത്തരവ് ലംഘിച്ചു; മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥിനെതിരേ കേസ്

Update: 2020-04-25 05:19 GMT

ദാമന്‍ ആന്റ് ദിയു: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജോലിയില്‍ ഹാജരാവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുളള ഉത്തരവ് ലംഘിച്ചതിന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെതിരേ ദാമന്‍ ദിയു ദാദ്ര & നഗര്‍ ഹവേലി പോലിസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയമമനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച കണ്ണന്‍ ഗോപിനാഥിനെതിരേ സെക്ഷന്‍ 188 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളതെന്ന് എസ്‌ഐ ലിതാധര്‍ മക്‌വാന പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു. '' പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ ഹാജരാവണമെന്ന ഉത്തരവ് ലംഘിച്ചതിന് പേഴ്‌സണല്‍ സൂപ്രണ്ട് എച്ച് കെ കാംബ്ലെയുടെ പരാതി പ്രകാരമാണ് കണ്ണന്‍ ഗോപിനാഥനെതിരേ കേസ് എടുത്തിട്ടുള്ളത്''- സബ് ഇന്‍സ്‌പെക്ടര്‍ മക്‌വാന പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വര്‍ഷമാണ് ദാദ്ര ആന്റ് നഗര്‍ ഹവേലി കലക്ടര്‍ സ്ഥാനത്തുനിന്ന് രാജിവച്ചത്. എന്നാല്‍ ദാമന്‍ ദിയു ആന്റ് നാഗര്‍ഹവേലി ഭരണകൂടം അദ്ദേഹത്തോട് ഏപ്രില്‍ 9ാം തിയ്യതി ജോലിയില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ തന്നെ തിരിച്ചുവിളിക്കുന്നത് പീഡിപ്പിക്കുന്നതിനു മാത്രമാണെന്നും ഒരു ഐഎഎസ് ഓഫിസറായി ജോലി ചെയ്യാന്‍ താന്‍ തയ്യാറല്ലെന്നും അതേസമയം സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

താന്‍ എട്ട് മാസം മുമ്പ് ഐഎഎസ് രാജിവച്ചതാണെന്നും ആഗസ്്റ്റ് മുതല്‍ സര്‍ക്കാര്‍ തനിക്ക് ശമ്പളം നല്‍കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ഉത്തരവിന് മറുപടി പോലും നല്‍കേണ്ടതില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

ആഗസ്റ്റില്‍ ഐഎഎസ്സില്‍ നിന്ന് രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ പൗരത്വനിയമഭേദഗതിക്കെതിരേയുള്ള സമരത്തിന്റെ മുഖങ്ങളിലൊന്നാണ്.

കഴിഞ്ഞ ജനുവരിയില്‍ പ്രയാഗ് രാജിലേക്ക് സിഎഎ വിരുദ്ധ സമരത്തിന് പോകും വഴി അദ്ദേഹത്തെ ഉത്തര്‍പ്രേദശ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പോലിസ് അദ്ദേഹത്തെ പ്രയാഗ് രാജിലേക്ക് പോകാന്‍ അനുവദിച്ചില്ല, പകരം ഡല്‍ഹി വിമാനത്തില്‍ കയറ്റിയയച്ചു. ജനുവരി 4 ന് ആഗ്രയില്‍ വച്ചും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.  

Similar News