നവജാതശിശു മരിച്ചസംഭവം: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളുടെ ആത്മഹത്യയോടെ സങ്കീര്‍ണതയേറി
ഇക്കഴിഞ്ഞ ജനുവരിയില്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ കണ്ടെത്തിയ കാര്യം രേഷ്മ തന്നെയാണ് ഭര്‍ത്താവിനെ ഉള്‍പ്പെടെ അറിയിച്ചത്. തന്റെ കുഞ്ഞാണെന്ന് അറിയാതെ ഭര്‍ത്താവ് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി വീട്ടില്‍ കിടത്തി. പ്രസവിച്ചു മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളെങ്കിലും അതിന്റെ യാതൊരു ക്ഷീണവുമില്ലാതെ രേഷ്മ തന്നെ പോലിസിനും ബന്ധുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ കുഞ്ഞിനെ കിട്ടിയകഥ പറഞ്ഞു. അന്വേഷണത്തിനിടെ തന്റെ ഡിഎന്‍എ കൂടി പരിശോധിക്കാന്‍ ആവശ്യപ്പെട്ടതും രേഷ്മയായിരുന്നു. ഇതിലാണ് രേഷ്മയുടെ കുഞ്ഞാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെയാണ് മരിച്ചത് തന്റെ കുഞ്ഞാണെന്നും ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനൊപ്പം പോവാന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നും രേഷ്മ പോലിസിനോട് സമ്മതിച്ചത്. എന്നാല്‍, ഒമ്പതു മാസം ഭര്‍ത്താവിനെയും വീട്ടുകാരെയും ഗര്‍ഭം മറച്ചുവച്ചു എന്നതും പ്രസവം പോലും വീട്ടുകാര്‍ അറിഞ്ഞില്ലെന്നുമുള്ള രേഷ്മയുടെ മൊഴി പോലിസ് വിശ്വസിച്ചിട്ടില്ല. ഇതേക്കുറിച്ച് അറിയാനായിരുന്നു രേഷ്മയുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമായ ആര്യയോടും ഗ്രീഷ്മയോടും മൊഴി നല്‍കാന്‍ സ്‌റ്റേഷനിലെത്തണമെന്ന് അറിയിച്ചത്. ഇതോടെ അസ്വസ്ഥരായ യുവതികള്‍ ആത്മഹത്യ ചെയ്തതാണ് പ്രതിസന്ധിയും ദുരൂഹതയും വര്‍ധിപ്പിച്ചത്.
തെളിവെടുപ്പിനായി ആര്യയും രണ്‍ജിത്തും വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാരിപ്പള്ളി സ്‌റ്റേഷനില്‍ എത്തണമെന്ന് പോലിസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആര്യയെയും ഗ്രീഷ്മയെയും കാണാതായി. തങ്ങള്‍ പോവുകയാണെന്നുകാട്ടി യുവതികള്‍ തയ്യാറാക്കിയ കത്ത് ഉച്ചയോടെ രണ്‍ജത്തിന്റെ വീട്ടുകാര്‍ക്കു ലഭിച്ചു. വെള്ളിയാഴ്ച രാവിലെമുതല്‍ സ്‌കൂബ ടീം ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് ഒന്നോടെ മീനാട് കാഞ്ഞിരംകടവിനു സമീപത്തുനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. വൈകീട്ട് നാലോടെ ഇത്തിക്കര പാലത്തിനുനടുക്കുള്ള തൂണില്‍ തടഞ്ഞനിലയില്‍ ഗ്രീഷ്മയുടെ മൃതദേഹവും ലഭിച്ചു. ഇരുവരുടെയും ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. നേരത്തേ, രേഷ്മ ഉപയോഗിച്ചിരുന്ന ഫോണിന്റെ സിം കാര്‍ഡ് ആര്യയുടെ പേരിലുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ചാത്തന്നൂര്‍ എസിപി വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇക്കഴിഞ്ഞ കഴിഞ്ഞ ജനുവരി നാലിന് രാത്രി വീടിനുപുറത്തെ ശൗചാലയത്തില്‍ പ്രസവിച്ച രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തില്‍ ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് ആണ്‍കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. സാഹചര്യത്തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലിസ് പ്രതിയിലേക്കെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോവുന്നതിനായി നവജാതശിശുവിനെ ഉപേക്ഷിച്ചെന്നാണ് രേഷ്മയുടെ മൊഴി. എന്നാല്‍, കാമുകനെയോ മറ്റോ കണ്ടെത്താനും പോലിസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ രണ്ടു യുവതികള്‍ കൂടി ആത്മഹത്യ ചെയ്തത് അന്വേഷണത്തില്‍ വന്‍ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
Newborn infant death: Complicated by the suicide of a young womans summoned for questioning

