നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ രാജിവച്ചു

11 സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരേ ആരോപണവുമായി മുന്നോട്ട് വന്നത്. ഗവര്‍ണറുടെ രാജിയാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഡമോക്രാറ്റിക് സാമാജികരും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി.

Update: 2021-08-10 17:44 GMT

ന്യുയോര്‍ക്ക്: നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ രാജിവച്ചു. 11 സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരേ ആരോപണവുമായി മുന്നോട്ട് വന്നത്. ഗവര്‍ണറുടെ രാജിയാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഡമോക്രാറ്റിക് സാമാജികരും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി.

നിലവില്‍ സര്‍വീസില്‍ ഉള്ളവരും മുന്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് കുമോ ലൈംഗികമായി ഉപദ്രവിച്ചത്. 179 പേരില്‍ നിന്ന് മൊഴിയെടുത്ത് രണ്ട് അഭിഭാഷകരുടെ നേതൃത്വത്തില്‍ നടന്ന അഞ്ചു മാസം നീണ്ട അന്വേഷണത്തിലാണ് കുമൊ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുമൊയുടെ കീഴിലുള്ള ഭരണകൂടം ശത്രുതാപരമാ തൊഴില്‍ അന്തരീക്ഷത്തിലായിരുന്നുവെന്നും ഭയവും ഭീഷണിയും ഉണ്ടായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കുമൊക്കേതിരെ പരാതി നല്‍കിയവര്‍, സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, പോലിസ് ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാര്‍ തുടങ്ങി ഗവര്‍ണറുമായി പതിവായി ബന്ധപ്പെട്ടിരുന്നവരില്‍ നിന്നാണ് അന്വേഷണം സംഘം മൊഴിയെടുത്തത്. ഈ മൊഴികളില്‍ നിന്നും തെളിവുകളില്‍ നിന്നും കുമൊ നിരവധി പേരെ പീഡിപ്പിച്ചെന്ന് വ്യക്തമാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

കുമൊയ്‌ക്കെതിരെ കൂടെ ജോലി ചെയ്തിരുന്നവരും പൊതുപരിപാടികളില്‍ കണ്ടുമുട്ടിയവരും ഉള്‍പ്പെടെ നിരവധി വനിതകളാണ് പരാതികളുമായി രംഗത്തു വന്നിരുന്നത്. കുമോയുടെ ഓഫിസിലെ ജീവനക്കാരികളും സ്വകാര്യഭാഗങ്ങളില്‍ കയറിപിടിച്ചെന്ന് ആരോപിച്ചിരുന്നു. ക്യൂമോ 2011 മുതല്‍ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സ്റ്റേറ്റിന്റെ ഗവര്‍ണര്‍ പദവി വഹിച്ച് വരികയാണ്.

Tags: