അഴീക്കല്‍ തുറമുഖത്തെ മണല്‍ വില്‍പനയ്ക്കു പുതിയ സംവിധാനം

മണല്‍ വില്‍പ്പന സംബന്ധിച്ച് ഉപഭോക്താക്കളെ സഹായിക്കാന്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവന കേന്ദ്രവും തുറമുഖ ഓഫിസില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഫോണ്‍ നമ്പര്‍: 9074395985.

Update: 2019-11-16 12:55 GMT

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തെ മണല്‍ വില്‍പന സംവിധാനം പരിഷ്‌കരിച്ച് കൂടുതല്‍ ഉപഭോതൃ സൗഹൃദമാക്കി. നിലവില്‍ 10 കടവുകളിലൂടെ നടത്തുന്ന മണല്‍ വില്‍പനയില്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് മുന്‍കാലത്തേതിനു വിഭിന്നമായി കാലതാമസമില്ലാത്തെ തന്നെ മണല്‍ ലഭിച്ചുവരുന്നുണ്ട്.


 



അരിച്ച മണല്‍:

    വളപട്ടണം പുഴയില്‍ നിന്നു ഡ്രഡ്ജ് ചെയ്യുന്ന മണല്‍ അരിച്ച് ശുദ്ധീകരിച്ച് കക്ക, ചെളി, കല്ല് എന്നിവ നീക്കം ചെയ്താണ് വിതരണത്തിനായി തയ്യാറാക്കുന്നത്. തുറമുഖ മണല്‍ വില്‍പന വെബ് സൈറ്റായ 'portinfo.kerala.gov.in' ലൂടെ ഇപ്പോള്‍ ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ച് മൂന്നുതരം ബുക്കിങ് നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ബുക്കിങ് സമയത്ത് തന്നെ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വീട്ടിലിരുന്ന്, ബാങ്കില്‍ പോവാതെ, കേവലം മൊബൈല്‍ ഫോണില്‍ പോലും ബുക്കിങ് പൂര്‍ത്തിക്കാന്‍ ഉപഭോക്താവിനാവും.

1. ഉപഭോക്താക്കള്‍ക്ക് അവരുടെ ബില്‍ഡിങ് പെര്‍മിറ്റും ആധാര്‍ കാര്‍ഡും ഉപയോഗിച്ച് ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന രീതിയാണ് ആദ്യത്തേത്. നിര്‍മിക്കുന്ന വീടിന്റെ വലിപ്പത്തിനനുസരിച്ച് പരമാവധി 150 ടണ്‍ മണല്‍ വരെ ഈ ബുക്കിങില്‍ പാസ്സാക്കുന്നതാണ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം 3 ടണ്‍, 5 ടണ്‍ എന്നീ അളവുകളില്‍ ഘട്ടംഘട്ടമായി മണല്‍ ബുക്ക് ചെയ്ത് കൊണ്ടുപോവാം.

2. രണ്ടാമത്തെ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായുള്ള വീടിന്റെ കരമടച്ച രസീതും ആധാറും ഉപയോഗിച്ചുള്ള രജിസ്‌ട്രേഷനാണ് ആദ്യം. ഇത്തരം ഉപഭോക്താവിന് 15 ടണ്‍ പാസ്സാക്കുകയും മേല്‍പറഞ്ഞ രീതിയില്‍ ഘട്ടം ഘട്ടമായി ആവശ്യാനുസരണം എടുക്കാവുന്നതുമാണ്.

3. ഈ രണ്ടു രീതിയിലും ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന നല്‍കി മണല്‍ അനുവദിച്ച ശേഷം അതാത് ദിവസം മിച്ചംവരുന്ന മണല്‍ വില്‍ക്കുന്ന മൂന്നാമത്തെ മണല്‍ ബുക്കിങ് രീതിയാണ് സ്‌പോട്ട് ബുക്കിങ്. മണല്‍ അത്യാവശ്യമുള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ മാത്രം നല്‍കി എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് സ്‌പോട് ബുക്കിങ്. ഇതില്‍ തൊട്ടടുത്ത ദിവസം തന്നെ മണല്‍ ലഭ്യമാവുന്ന ഈ രിതിയിലുള്ള ബുക്കിങിന് എല്ലാ ദിവസവും രാവിലെ 11:30 മുതല്‍ വൈകീട്ട് 04:30 വരെ മാത്രമേ സാധിക്കുകയുള്ളു.

    എല്ലാ ബുക്കിങിനും ഒരു മൊബൈല്‍ നമ്പര്‍ ബുക്കിങ് സമയം കൊടുക്കേണ്ടതും മണല്‍ വിതരണ സമയത്ത് ഈ നമ്പറില്‍ ലഭ്യമാവുന്ന വണ്‍ ടൈം പാസ്‌വേഡ്(ഒടിപി) ഉപയോഗിച്ചാണ് മണല്‍ പാസ് അനുവദിക്കുന്നത്. അതിനാല്‍ മണലിനായി കടവിലേക്ക് വരുന്നവര്‍ ഈ നമ്പറിലുള്ള ഫോണുമായി വരണം. ബുക്ക് ചെയ്തു വരുന്ന ഉപഭോക്താക്കള്‍ക്ക് 3 ടണ്‍, 5 ടണ്‍ ലോറികള്‍ കടവുകളില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഇവയുടെ അംഗികൃത നിരക്കുകള്‍(3 ടണ്‍ ആദ്യ 5 കിലോ മീറ്ററിന് 1100 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 60 രൂപ വീതവും. 5 ടണ്‍ ആദ്യ 5 കിലോ മീറ്ററിന് 1450 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 95 രൂപ വീതവും) മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതിയാവും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ലോറിയുമായി വന്ന് മണലെടുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    മാട്ടൂല്‍ മടക്കര കടവില്‍ നിന്നു 7 ടണ്‍, 10 ടണ്‍ ലോറികളിലുള്‍പ്പെടെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മണല്‍ ബുക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴീക്കല്‍ തുറമുഖത്ത് നിന്നു കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ഒന്നരലക്ഷത്തോളം പേര്‍ക്ക് മണല്‍ വിതരണം ചെയ്യാന്‍ സാധിച്ചതായി പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇത് ജില്ലയിലെ രൂക്ഷമായ മണല്‍ ക്ഷാമം പരിഹരിക്കുകയും നിര്‍മാണ മേഖലയ്ക്ക് ഉണര്‍വേകുകയും ചെയ്തതായും അധികൃതര്‍ അവകാശപ്പെട്ടു. 1500ഓളം തൊഴിലാളികളും 500ഓളം ലോറികളും മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. കൂടാതെ പ്രതിമാസം 7 കോടിയോളം രൂപ വിറ്റുവരവും കേരളത്തിലെ, ജി എസ് ടി അടയ്ക്കുന്നതില്‍, ഒന്നാം സ്ഥാനത്തുള്ള ഓഫിസായി അഴിക്കല്‍ പോര്‍ട്ടില്‍ ഓഫിസ് മാറുകയും ചെയ്തു.

    മണല്‍ വില്‍പ്പന സംബന്ധിച്ച് ഉപഭോക്താക്കളെ സഹായിക്കാന്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവന കേന്ദ്രവും തുറമുഖ ഓഫിസില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഫോണ്‍ നമ്പര്‍: 9074395985.




Tags: