പുതിയ ആദായ നികുതി നിയമം ഏപ്രില്‍ മുതല്‍ നിലവില്‍ വരും, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല

Update: 2026-02-01 07:31 GMT

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2026 ഏപ്രില്‍ മുതല്‍ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവില്‍ വരും. ടാക്‌സ് നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നിലവില്‍ വരുന്നത്. അതേസമയം, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ലെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

പുതുതായി നിലവില്‍ വരുന്ന നിയമം ആദായ നികുതി ഫയലിങ് ആയാസരഹിതമാക്കും. വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ പറയുന്നത്. വിദേശ സ്വത്ത് വെളിപ്പെടുത്താന്‍ 6 മാസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമാണ് ശിക്ഷ. ജൂലൈ 31വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കും. പരിശോധക്ക് ശേഷവും റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതല്‍ നികുതി ഉണ്ടായിരിക്കില്ല.

അതേസമയം, വാഹനാപകട ഇന്‍ഷുറന്‍സ് ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസം?ഗത്തില്‍ പറയുന്നു. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി കുറയ്ക്കും. വിദേശയാത്രയുടെ ടിസിഎസ് 5ല്‍ നിന്ന് 2 ശതമാനമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസും 5ല്‍ നിന്ന് 2 ശതമാനമാക്കി.

ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്‌സ് ഹോളിഡേ ആണ്. കാപക്‌സില്‍ നിക്ഷേപിക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷത്തേക്ക് നികുതിയിളവ് ഉണ്ടാകും. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും. എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതിയില്ല. 17 കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കുമെന്നും ബജറ്റില്‍ പറയുന്നു.