മാനന്തവാടി പുതിയ ഹോട്ട് സ്‌പോട്ട്; വയനാടിന്റെ പ്രതീക്ഷകള്‍ക്കു മങ്ങല്‍

പി സി അബ്ദുല്ല

Update: 2020-05-03 12:31 GMT

കല്‍പറ്റ: ലോക്ക് ഡൗണ്‍ നിലവില്‍ വന്ന് 40 ദിവസങ്ങള്‍ക്കു ശേഷം കാര്‍ഷിക മേഖലയും വാണിജ്യ രംഗവും ചലിച്ചുതുടങ്ങിയപ്പോള്‍ പൊടുന്നനെ വന്നുപെട്ട പുതിയ നിയന്ത്രണങ്ങള്‍ വയനാടിന് തിരിച്ചടിയായി. പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണിലായിരുന്ന ജില്ല ഓറഞ്ച് മേഖലയായി. വടക്കെ വയനാടിന്റെ ആസ്ഥാനമായ മാനന്തവാടി ഇന്ന് ഹോട്ട് സ്‌പോട്ടാവുക കൂടി ചെയ്തതോടെ കര്‍ഷകരുടെയും മറ്റും പ്രതീക്ഷകള്‍ മങ്ങി.

    മാനന്തവാടി പോലിസ് പരിധിയിലാണ് പുതുതായി കടുത്ത നിയന്ത്രണങ്ങളെങ്കിലും ജില്ലയുടെ പ്രധാന കാര്‍ഷിക, വാണിജ്യ മേഖലയായ വടക്കേ വയനാട് മൊത്തത്തില്‍ നിശ്ചലമാവുന്ന സാഹചര്യമാണ് സംജാതമായത്. മാനന്തവാടിയിലെ വ്യാപാരികളിലും ജീവനക്കാരിലും ഭൂരിഭാഗവും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. അവര്‍ക്കൊന്നും ഇനി ഒരറിയിപ്പുണ്ടാവുന്നതു വരെ മാനന്തവാടിയിലേക്ക് പ്രവേശനമില്ല. വ്യാപാര സ്ഥാപനങ്ങള്‍ രണ്ടാഴ്ച കൂടി അടഞ്ഞുകിടക്കും. മാനന്തവാടിയിലെ മൊത്ത വിതരണ സ്ഥാപനങ്ങള്‍ തുറക്കാത്ത് വെള്ളമുണ്ട, പനമരം, തലപ്പുഴ, കാട്ടിക്കുളം മേഖലകളില്‍ അവശ്യസാധനങ്ങളുടെ ക്ഷാമത്തിനും ഇടയാക്കും.

    മാനന്തവാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട മധ്യവയസ്‌കന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാനന്തവാടിയില്‍ കര്‍ശന നിയന്ത്രണം നിലവില്‍ വന്നത്. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ മാനന്തവാടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ളവര്‍ വീട് വിട്ട് പുറത്തിറങ്ങാനോ, പോലിസ് സ്‌റ്റേഷന്‍ പരിധി വിട്ട് പുറത്തേക്ക് പോവാനോ പാടില്ലെന്ന് പോലിസ് നിര്‍ദേശിച്ചു. മറ്റ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ളവര്‍ക്ക് മാനന്തവാടി സ്‌റ്റേഷന്‍ പരിധിയിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യമാണെങ്കില്‍ മാത്രമേ യാത്രാനുമതി നല്‍കുകയുള്ളൂവെന്നും പോലിസ് വ്യക്തമാക്കി.

മുനിസിപ്പല്‍ പരിധിയിലെ കുറുക്കന്‍മൂല സ്വദേശിയായ 52കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മാനന്തവാടി കൊവിഡ് ആശുപത്രിയിലാണ്. ലോറി ഡ്രൈവറായ ഇദ്ദേഹം ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ചുവന്നതാണ്. 29ന് സ്രവ പരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേര്‍ ചികില്‍സകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.




Tags:    

Similar News