യുപിയില്‍ ബലാത്സംഗം ചെയ്ത വ്യക്തിയുടെ ഭീഷണി; നേപ്പാള്‍ സ്വദേശിനി പരാതി നല്‍കിയത് മഹാരാഷ്ട്രയില്‍
ഉത്തര്‍പ്രദേശ് പോലിസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലാത്തതിനാല്‍ യുവതി ലഖ്‌നൗവില്‍ നിന്ന് രക്ഷപ്പെടുകയും, സെപ്തംബര്‍ 30ന് നാഗ്പൂരില്‍ താമസിക്കുന്ന നേപ്പാളി സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു.
ലഖ്‌നൗവില്‍ പരാതി നല്‍കുന്നതിനെതിരെ ബലാത്സംഗം ചെയ്ത വ്യക്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നേപ്പാള്‍ സ്വദേശിനിയായ വ്യക്തി, അവിടെ നിന്ന് രക്ഷപ്പെട്ട് 800 കിലോമീറ്റര്‍ അകലെയുള്ള മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയത്. യുവതിയുടെ പരാതി സ്വീകരിച്ച മഹാരാഷ്ട്ര പോലിസ് 'സീറോ എഫ്.ഐ.ആര്‍' രജിസ്റ്റര്‍ ചെയ്തു.
2018ല്‍ നേപ്പാളില്‍ നിന്ന് ജോലിതേടി ഇന്ത്യയിലെത്തിയ യുവതി കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലഖ്‌നൗവില്‍, സുഹൃത്തായ യുവതി വാടകയ്ക്കു നല്‍കിയ ഫഌറ്റിലാണ് താമസിച്ചിരുന്നതെന്ന് പരാതി സ്വീകരിച്ച നാഗ്പൂരിലെ കോറാടി പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വസീര്‍ ഷെയ്ഖ് പറയുന്നു. ലഖ്‌നൗവിലെ യുവതി നേപ്പാളി സ്വദേശിനിയെ പ്രവീണ്‍ രാജ്പാല്‍ യാദവ് എന്നയാള്‍ക്ക് പരിചയപ്പെടുത്തി. ദുബൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു പ്രവീണ്‍ യാദവ്.
തന്റെ കൈവശമുണ്ടായിരുന്ന 1.5 ലക്ഷം രൂപ നേപ്പാളി യുവതി, വനിതാ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം യുവതി ദുബൈയിലുണ്ടായിരുന്ന പ്രവീണിനെ അറിയിച്ചു. പ്രവീണിന്റെ നിര്‍ദേശപ്രകാരം യുവതി വാടക ഫഌറ്റില്‍ നിന്ന് ഒഴിയുകയും, അയാള്‍ ഏര്‍പ്പാടാക്കിയ ഹോട്ടല്‍ മുറിയിലേക്ക് താമസം മാറുകയും ചെയ്തു. രണ്ടുദിവസത്തിനു ശേഷം പ്രവീണ്‍ ദുബൈയില്‍ നിന്ന് വരികയും ഹോട്ടല്‍ മുറിയില്‍ വെച്ച് മയക്കുമരുന്ന് നല്‍കി തന്നെ ബലാത്സംഗം ചെയ്യുകയുമാണുണ്ടായതെന്ന് കോറാടി പൊലീസ് സ്‌റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസില്‍ പരാതിപ്പെട്ടാല്‍ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രവീണ്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
ഉത്തര്‍പ്രദേശ് പോലിസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലാത്തതിനാല്‍ യുവതി ലഖ്‌നൗവില്‍ നിന്ന് രക്ഷപ്പെടുകയും, സെപ്തംബര്‍ 30ന് നാഗ്പൂരില്‍ താമസിക്കുന്ന നേപ്പാളി സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സുഹൃത്തിന്റെ സഹായത്തോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. യുവതിയുടെ മൊഴിപ്രകാരം കോറാടി പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍, ലഖ്‌നൗ പോലിസിന് കൈമാറും.
പരാതിക്കാരിയായ യുവതിയും പോലിസ് സംഘവും നാഗ്പൂര്‍ ഡിസിപിയില്‍ നിന്നുള്ള കത്തുമായി ലഖ്‌നൗവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ലഖ്‌നൗ ചിന്‍ഹഠ് പൊലീസ് സ്‌റ്റേഷനിലേക്ക് എഫ്.ഐ.ആര്‍ കൈമാറുമെന്ന് മഹാരാഷ്ട്ര പോലിസ് അധികൃതര്‍ പറഞ്ഞു.

