നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുമരണം

Update: 2024-08-07 11:58 GMT

ന്യൂഡല്‍ഹി: നേപ്പാളിലെ നുവാക്കോട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ചൈനീസ് യാത്രക്കാരടക്കം അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും പൈലറ്റ് അരുണ്‍ മല്ലയുമാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഒരു മൃതദേഹം തിരിച്ചറിയാനായിട്ടില്ല. കാഠ്മണ്ഡുവില്‍ നിന്ന് റസുവയിലേക്ക് പോവുകയായിരുന്ന 9N-AJD എയര്‍ ഡൈനാസ്റ്റി ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടസ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങളും പോലിസ് കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

    ത്രിഭുവന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചയ്ക്ക് 1:54 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മൂന്ന് മിനിറ്റിനുള്ളില്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (സിഎഎന്‍) അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 24ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗര്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 18 പേര്‍ മരണപ്പെട്ടിരുന്നു. പൈലറ്റ് മാത്രമാണ് അന്ന് പരിക്കുകളോടെ രക്ഷപ്പെട്ടത്. സമീപ വര്‍ഷങ്ങളില്‍ തന്നെ നിരവധി വിമാനാപകടങ്ങളാണ് നേപ്പാളില്‍ ഉണ്ടായത്.

Tags: