കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ അപമാനിച്ച് സിപിഎം എംഎല്‍എയുടെ സ്ത്രീവിരുദ്ധ പ്രസ്താവന

നെന്‍മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധ യോഗത്തിലാണ് കെ ബാബുവിന്റെ പരാമര്‍ശം ഉണ്ടായത്.

Update: 2022-06-14 12:30 GMT

പാലക്കാട്: കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകരെ അപമാനിച്ച് നെന്‍മാറ എംഎല്‍എ കെ. ബാബു. മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജനപ്രതിനിധി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡിന് മുകളില്‍ കയറുന്ന വനിതാ പ്രവര്‍ത്തകരെയാണ് കെ ബാബു അപമാനിച്ചത്.

നെന്‍മാറ മണ്ഡലത്തിലെ പല്ലശ്ശേനിയില്‍ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധ യോഗത്തിലാണ് കെ ബാബുവിന്റെ പരാമര്‍ശം ഉണ്ടായത്. മുന്‍ ഏരിയ സെക്രട്ടറി കെ രമാധരനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇത്തരമൊരു പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വാക്കുകളില്‍ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാന്‍ സൂചിപ്പിച്ചത് എന്നായിരുന്നു കെ ബാബുവിന്റെ പ്രതികരണം.

'സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍..........എത്ര നാണംകെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്. നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള് കേറും'. ഇത്തരത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം.