കണ്ണൂര്‍ ഡിഎസ് സി സെന്ററില്‍ മൃതദേഹത്തോട് അവഗണന; മൂന്നാംനാള്‍ സംസ്‌കരിച്ചത് സന്നദ്ധപ്രവര്‍ത്തകര്‍

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌കരിക്കാനോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനോ ഡി എസ് സി അധികൃതരോ ജില്ലാ ആശുപത്രി, ആരോഗ്യ വകുപ്പ് അധികൃതരോ ശ്രമിച്ചില്ലെന്നാണു ആരോപണം

Update: 2020-07-21 08:39 GMT

കണ്ണൂര്‍: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ കണ്ണൂര്‍ ഡിഎസ് സി സെന്ററില്‍ മൃതദേഹത്തോട് അധികൃതരുടെ അവഗണന. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരണപ്പെട്ട, ട്രൂനാറ്റ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തിയ യുപി സ്വദേശിയുടെ മൃതദേഹം മൂന്നാംനാളില്‍ സംസ്‌കരിച്ചത് സന്നദ്ധപ്രവര്‍ത്തകര്‍. കരാര്‍ ജോലിക്കാരനായ ഇദ്ദേഹത്തിന്റെ മൃതദേഹം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കിയ ശേഷം ഡിഎസ് സിയുടെ ഉത്തരവാദിത്തപ്പെട്ടവരോ ആരോഗ്യപ്രവര്‍ത്തകരോ കരാര്‍ ജോലിക്ക് എത്തിച്ചയാളോ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം. ഒടുവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം കക്കാട് പള്ളി ഖബര്‍സ്ഥാനില്‍ രാത്രി വൈകിയാണ് ഖബറടക്കിയത്. പുതുച്ചേരിയിലും മറ്റും കൊവിഡ് സംശയിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുഴിയില്‍ തള്ളിയത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരിക്കെയാണ് കണ്ണൂരില്‍ സൈനിക-ആരോഗ്യ മേഖലയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ സമാന രീതിയിലെന്നു പറയാവുന്ന വിധത്തിലുള്ള അവഗണന കാട്ടിയത്.

    ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബര്‍ണശ്ശേരിയിലെ ഡിഎസ് സി സെന്ററില്‍ കരാറടിസ്ഥാനത്തില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്യുന്ന യുപി സ്വദേശിയായ ശരീഫ് മുഹമ്മദ്(58) കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണു അറിയിച്ചിരുന്നതെങ്കിലും ഡിഎസ് സി സെന്ററില്‍ നിരവധി പട്ടാളക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ ട്രൂനാറ്റ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതില്‍ പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ പിസിആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയിരുന്നു. ട്രൂനാറ്റ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തിയതോടെ ശരീഫ് മുഹമ്മദിനോടൊപ്പം ജോലി ചെയ്യുന്ന സഹോദരന് ക്വാറന്റൈനില്‍ പോവേണ്ടി വന്നു. എന്നാല്‍, ഇത്രയും ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌കരിക്കാനോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനോ ഡി എസ് സി അധികൃതരോ ജില്ലാ ആശുപത്രി, ആരോഗ്യ വകുപ്പ് അധികൃതരോ ശ്രമിച്ചില്ലെന്നാണു ആരോപണം. 

    ഒടുവില്‍, ജില്ലാ ആശുപത്രിയിലെ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീറിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതേസമയം തന്നെ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും സി സമീറുമായി ബന്ധപ്പെട്ടു. സാധാരണയായി ജില്ലാ ആശുപത്രിയില്‍ മരണപ്പെടുന്നവരെ മൈതാനപ്പള്ളി, കടലായി തുടങ്ങിയ ഖബര്‍സ്ഥാനിലാണ് മറവ് ചെയ്യാറുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 10 അടി താഴ്ചയില്‍ മൃതദേഹം മറവ് ചെയ്യണമെന്നാണ് നിയമം. ഇതുപ്രകാരം 10 അടി താഴ്ചയില്‍ ഖബര്‍ കുഴിക്കുമ്പോള്‍ വെള്ളം ഉണ്ടാവുന്നതിനാല്‍ ഇവിടെ മറവ് ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. പോലിസുകാരാവട്ടെ, മരണപ്പെട്ട ശരീഫ് മുഹമ്മദിന്റെ ഉത്തര്‍പ്രദേശിലുള്ള ഭാര്യയുടെയും മക്കളുടെയും സമ്മതപത്രം വീഡിയോ കോളിലൂടെ സ്വീകരിച്ച് നടപടി ക്രമങ്ങള്‍ക്കായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി എട്ടോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയിലെ ആംബുലന്‍സില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുത്തത്. ഇതിനു ശേഷം കക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ച് നാലുപേര്‍ മാത്രമാണ് പ്രദേശവാസികളുടെ സഹായത്തോടെ ഖബറടക്കം പൂര്‍ത്തിയാക്കിയത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണെടുത്താണ് ഖബറൊരുക്കിയത്. ഖബറടക്കുകയും ഖബര്‍ മണ്ണിടുകയും ചെയ്ത് പൂര്‍ത്തിയാവുമ്പോള്‍ സമയം രാത്രി 12.30 പിന്നിട്ടിരുന്നു. ഈ സമയത്തിനിടയില്‍ കണ്ടോണ്‍മെന്റിലെ ആരോഗ്യപ്രവര്‍ത്തകരോ ഡിഎസ് സി അധികൃതരോ കരാര്‍ ജോലിക്ക് യുപി സ്വദേശിയെ എത്തിച്ചയാളോ ബന്ധപ്പെട്ടിരുന്നില്ലെന്നും കടുത്ത അവഗണനയാണുണ്ടായതെന്നും മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

Neglect of dead body at Kannur DSC Center; Third day was buried by volunteers

Tags:    

Similar News