ബീഫ് നിരോധനത്തെയും ലൗ ജിഹാദിനെയും പറ്റി ചോദിച്ചു; അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി ഇ ശ്രീധരൻ
അവതാരക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താൻ ഉത്തരം നൽകില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി.
പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. ലൗ ജിഹാദ്, ബീഫ് നിരോധനം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായി ചുമത്തപ്പെട്ട കേസുകൾ എന്നിവയെപ്പറ്റി അഭിമുഖത്തിൽ ചോദ്യങ്ങൾ ഉയർന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഓൺലൈൻ മാധ്യമമായ ന്യൂസ്‌ലോണ്ട്റിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരൻ ഇറങ്ങിപ്പോയത്.
അവതാരക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താൻ ഉത്തരം നൽകില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. എന്നാൽ ബീഫ് നിരോധന വിഷയത്തിൽ ഉത്തര മേഖലയിലെയും ദക്ഷിണ മേഖലയിലെയും ബിജെപി നേതാക്കൾ എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ വേണ്ടിയാണ് പറഞ്ഞപ്പോൾ ഈ വിഷയത്തിൽ ഒരു വിധി പറയാൻ താൻ ആളല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
When we asked E Sreedharan, BJP's CM candidate in #Kerala, about 'love jihad', beef ban & criminal cases against BJP candidates he got angry, accused the media of asking "negative questions" & walked out.
— newslaundry (@newslaundry) March 28, 2021
Here's a teaser of what went down.
Full interview will be up soon. pic.twitter.com/g3vaM82rQc
സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോൾ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വർണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. ലൗ ജിഹാദിനെതിരേ നിയമനിർമാണം നടത്തിയിട്ടില്ലെങ്കിൽ കേരളം ഒരു ചെറിയ സിറിയയാകുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ ശ്രീധരൻ പ്രതികരിക്കാൻ തയ്യാറായില്ല.
നിങ്ങൾ വീണ്ടും ഒരേ കാര്യത്തെക്കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാൻ സാധിക്കില്ലെന്നും ശ്രീധരൻ പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകയെന്ന നിലയിൽ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ നമുക്ക് ഇത് നിർത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരൻ. എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്, എന്ന് ചോദിക്കുന്ന ശ്രീധരൻ കൂടുതലൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അഭിമുഖത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.
