അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

Update: 2022-07-19 04:15 GMT

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കര്‍ശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) രംഗത്തെത്തി. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്റര്‍ നീരീക്ഷകര്‍ എന്‍ ടി എക്ക് റിപ്പോര്‍ട്ട് നല്‍കി. എന്‍ടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്. ആരോപണം ഉയര്‍ന്ന തരത്തിലുള്ള സംഭവങ്ങള്‍ അനുവദിക്കില്ലെന്നും എന്‍ടിഎ പ്രതികരിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഇത് പെണ്‍കുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോര്‍ട്ടെന്ന് എന്‍ ടി എ ഡി ജി വീനീത് ജോഷി പ്രതികരിച്ചു. എന്‍ ടി എ യുമായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇത്തരം ഒരു പ്രശ്‌നം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ കൂടൂതല്‍ അന്വേഷണം നടത്തും. പോലിസ് അന്വേഷണവുമായി എന്‍ടിഎ സഹകരിക്കും. രാജ്യത്ത് ഈ സെന്ററില്‍ നിന്ന് മാത്രമാണ് ഇത്തരം ഒരു പരാതിയെന്നും എന്‍ ടി എ ഡി ജി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിക്കും. കോളേജ് അധികൃതരില്‍ നിന്നും മൊഴിയെടുക്കും.

അതേസമയം, സംഭവത്തില്‍ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു.

Tags:    

Similar News