നീര പദ്ധതി നിലച്ചു; വീണ്ടും പഠനം നടത്താനൊരുങ്ങി കൃഷി വകുപ്പ് -കമ്പനികള്‍ ജപ്തി ഭീഷണിയില്‍

Update: 2021-09-24 06:40 GMT

കോഴിക്കോട്: കേരകര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി 10 വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച നീര പദ്ധതി പാതിവഴിയില്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് കൃത്യമായ ആസൂത്രണവും തുടര്‍ നടപടികളുമില്ലാതെ നിലച്ചത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നുള്‍പ്പെടെ വായ്പയെടുത്ത് 29 നാളികേര ഉല്‍പാദക കമ്പനികളാണ് (സിപിസി) അന്ന് രൂപീകരിച്ചത്. ഇതില്‍ 15 എണ്ണം ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യമുണ്ടാക്കി, കിഫ്ബി സഹായത്തോടെ ടെട്രാപാക്ക് യൂനിറ്റ് സ്ഥാപിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരം 25 കോടി രൂപ മുടക്കില്‍ സ്ഥാപിക്കാനുദ്ദേശിച്ച മുതലമടയിലെ പ്ലാന്റ് ഏറ്റെടുക്കാനാണു ലക്ഷ്യമിട്ടത്. എന്നാല്‍, 2020 മാര്‍ച്ചില്‍ ധനമന്ത്രിയുടെ കൂടി സാന്നിധ്യത്തിലെടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയില്ല.

സര്‍ക്കാര്‍ ഉത്തരവില്ലാതെ പദ്ധതി അംഗീകരിക്കാനാകില്ലെന്നാണ് കിഫ്ബി നിലപാട്. പദ്ധതി നിലച്ചതോടെ സിപിസികളുടെ പ്രവര്‍ത്തനവും നിലച്ചു. പല കമ്പനികളും ജപ്തിഭീഷണിയിലാണ്. നീര ഉല്‍പാദന രംഗത്തു സജീവമായിരുന്ന 11 കമ്പനികള്‍ക്ക് ആകെ 20 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇപ്പോള്‍ കൊല്ലം കൈപ്പുഴയിലെ ഒരു കമ്പനി മാത്രമാണു വാണിജ്യാടിസ്ഥാനത്തില്‍ നീര ഉല്‍പാദിപ്പിക്കുന്നത്; ദിവസം ശരാശരി 500 ലീറ്റര്‍ മാത്രം. കെഎഫ്‌സിയില്‍ നിന്നു വായ്പയെടുത്ത 9 കമ്പനികള്‍ക്കു പുനരുജ്ജീവന പാക്കേജ് നല്‍കിയതു മാത്രമാണ് ഈ രംഗത്തുണ്ടായ ഏക സര്‍ക്കാര്‍ ഇടപെടല്‍.

അതേസമയം, നീര പദ്ധതി ഉപേക്ഷിക്കുന്നില്ലെന്നും കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി പുതിയ പഠനം നടത്തുമെന്നുമാണ് കൃഷി മന്ത്രി പി. പ്രസാദ് പറയുന്നത്. പദ്ധതിയുടെ പ്രായോഗികത, കേടു കൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ, വിപണന സാധ്യത എന്നിവ പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി. കിഫ്ബി സഹായത്തോടെ പാലക്കാട് പാക്കിങ് യൂണിറ്റ് തുടങ്ങാനും ഏകീകൃത ബ്രാന്‍ഡില്‍ നീര പുറത്തിറക്കാനും കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Tags:    

Similar News