ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷം, ആവശ്യത്തിന് കിടക്കകളും ഓക്‌സിജനുമില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാള്‍

Update: 2021-04-18 11:21 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഡല്‍ഹിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ക്ക് മതിയായ കിടക്കകളും ഓക്‌സിജനുമില്ലെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഉടന്‍തന്നെ ഡല്‍ഹിക്ക് 7,000 കിടക്കകള്‍ അനുവദിക്കണം. ഞങ്ങള്‍ സ്വന്തം നിലയില്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും നിങ്ങളുടെ സഹായം ആവശ്യമാണ്. ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് രോഗികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍നിന്നും 30 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആശുപത്രികളില്‍ 100ല്‍ താഴെ ഐസിയു ബെഡ്ഡുകള്‍ മാത്രമാണുള്ളത്. മൊത്തം 10,000 ആശുപത്രി ബെഡ്ഡുകളില്‍ 1,800 എണ്ണം കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ ഓക്‌സിജന്റെ കടുത്ത ക്ഷാമമുണ്ട്. ഉടന്‍തന്നെ ഓക്‌സിജന്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടുവെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) കൊവിഡ് രോഗികള്‍ക്കുള്ള ഐസിയു കിടക്കകളുടെ എണ്ണം 500 ല്‍നിന്ന് ആയിരമായി ഉയര്‍ത്തുന്നത് പരിഗണിക്കണം. കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് ഇതുവരെ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഞങ്ങള്‍ക്ക് ധാരാളം പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആവശ്യപ്പെട്ട സൗകര്യങ്ങളും സാധിച്ച് നല്‍കി ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടാവുന്നതിനാല്‍ ലഭ്യമായ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തിലാണ്. ഡല്‍ഹിയില്‍ 100 ല്‍ താഴെ ഐസിയു കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. 25,500 ലധികം പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജും ചില സ്‌കൂളുകളും കൊവിഡ് രോഗികള്‍ക്കുള്ള സൗകര്യങ്ങളായി മാറ്റുന്നുണ്ട്. 6,000 പുതിയ കിടക്കകള്‍ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.

Tags:    

Similar News