സൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും

Update: 2023-03-31 11:39 GMT

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പേയാടിനടുത്ത് ചിറക്കോണത്ത് അരുണിനെ കോടതി ശിക്ഷിച്ചു. ജീവപര്യന്തം തടവും 20 വര്‍ഷം കഠിന തടവും ആറുലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണു വിധിച്ചത്. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ചാണ് 20കാരിയായ മകളെ പ്രതി 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 2021 ആഗസ്ത് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം.

    കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍, വിനു മുരളി എന്നിവരാണ് ഹാജരായത്. മകളെ ആക്രമിക്കുന്നതു കണ്ട മാതാവ് വല്‍സല തടയാന്‍ ശ്രമിക്കുന്നതിനിടെ അവരെയും അരുണ്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് അരുണ്‍ സൂര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞ് വീട്ടുകാര്‍ നിരസിച്ചു. തുടര്‍ന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഭര്‍ത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ മാതാവിനോടൊപ്പം താമസിക്കുന്നതിനിടെയാണ് കൊലപാതകം അരങ്ങേറിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപള്ള ടി എന്‍ സുനില്‍കുമാറും ഹാജരായി.

Tags:    

Similar News