കാട്ടുതീ: കാലഫോര്‍ണിയയില്‍ ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

Update: 2020-10-27 17:52 GMT
കാലഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഏകദേശം ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ജനവാസ മേഖലകളിലേക്കു തീ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി 90,800 പേരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലാകെ റെഡ് ഫ്ലാഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു.


2020 തുടക്കം മുതല്‍ കാലഫോര്‍ണിയയില്‍ കാട്ടുതീയില്‍ ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും 31 ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.അപകടകരമായ കാറ്റ് ഉയര്‍ത്തുന്ന ഉയര്‍ന്ന അപകടസാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി 21,000 വീടുകളിള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി എസ്സിഇ റിപോര്‍ട്ട് ചെയ്തു.കാലിഫോര്‍ണിയയിലെ പല ഭാഗങ്ങളിലും 129 കിലോമീറ്റര്‍ / മണിക്കൂറില്‍ (80 മൈല്‍) കൂടുതല്‍ കാറ്റ് വീശുന്നതിനാല്‍ അപകടകരമായ കാലാവസ്ഥയെക്കുറിച്ചുള്ള റെഡ്-ഫ്‌ലാഗ് മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാലിഫോര്‍ണിയ ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് പറയുന്നു.

അഞ്ഞൂറിലേറെ ലേറെ അഗ്നിശമന സേനകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. രണ്ട് പേരെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ ഇനിയും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.