മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മഗ്‌സാസെ പുരസ്‌കാരം

Update: 2019-08-02 07:24 GMT

ന്യൂഡല്‍ഹി: ഇത്തവണത്തെ മഗ്‌സാസെ പുരസ്‌കാരം എന്‍ഡിടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രവീഷിന് സാധിച്ചെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. 1996ലാണ് രവീഷ് കുമാര്‍ എന്‍ഡിടിവിയില്‍ എത്തുന്നത്. തുടക്കത്തില്‍ ഫീല്‍ഡ് റിപോര്‍ട്ടറായിരുന്നു. പിന്നീട് പ്രൈം ടൈം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായി. നിലവില്‍ എന്‍ഡിടിവിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. രവീഷ് കുമാറിന് പുറമേ നാലു പേരും പുരസ്‌കാരത്തിനു അര്‍ഹരായി. മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പീന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റുള്ളവര്‍. ഏഷ്യന്‍ നൊബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന മഗ്‌സാസെ പുരസ്‌കാരം 1957 മുതലാണു നല്‍കിവരുന്നത്. ഫിലിപ്പൈന്‍സ് പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സാസേയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം സ്ഥാപിച്ചത്. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ഇതിനു മുമ്പു മഗ്‌സാസെ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.




Tags:    

Similar News