ട്വന്റി 20-യുടെ എന്‍ഡിഎ പ്രവേശനം, വോട്ട് ചെയ്ത ജനങ്ങളോടുള്ള വഞ്ചന: എസ്ഡിപിഐ

Update: 2026-01-22 16:37 GMT

കൊച്ചി: വികസനത്തിന്റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ട്വന്റി 20-യുടെ രാഷ്ട്രീയ അജണ്ട ചെന്നെത്തുന്നത് സംഘ്പരിവാര്‍ ആസ്ഥാനത്തേക്കാണെന്ന എസ്ഡിപിഐയുടെ നേരത്തെയുള്ള മുന്നറിയിപ്പ് ഇപ്പോള്‍ സത്യമായിരിക്കുകയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജിബ് പ്രസ്താവനയില്‍ പറഞ്ഞു. മതേതര വോട്ടുകള്‍ വാങ്ങി വിജയിച്ച് ഒടുവില്‍ സംഘപരിവാര്‍ പാളയത്തില്‍ അഭയം തേടുന്ന ട്വന്റി 20-യുടെ നടപടി കേരളത്തിന്റെ മതേതര മനസ്സിനോടുള്ള പരസ്യമായ വെല്ലുവിളിയാണ്.

കിഴക്കമ്പലത്തെയും പരിസര പ്രദ്ദേശങ്ങളിലെയും സാധാരണക്കാരായ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകള്‍ വാങ്ങിയാണ് ട്വന്റി-20 പഞ്ചായത്ത് ഭരണങ്ങള്‍ പിടിച്ചെടുത്തത്. ആ വോട്ടുകള്‍ ഇപ്പോള്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് അടിയറവ് വെക്കുന്നത് വോട്ടര്‍മാരുടെ മുഖത്ത് തുപ്പുന്നതിന് തുല്യമാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവരുമായി കൈകോര്‍ക്കാന്‍ ഇവര്‍ക്ക് മടിയില്ലെന്ന് തെളിഞ്ഞതോടെ ഇവരുടെ മതേതര മുഖംമൂടി എന്നെന്നേക്കുമായി തകര്‍ന്നിരിക്കുന്നു.

മതേതരത്വത്തിന്റെ കാവലാളുകളെന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ട്വന്റി-20യുടെ പിന്തുണയോടെ നിലവില്‍ ഭരിക്കുന്ന പഞ്ചായത്ത് ഭരണങ്ങള്‍ രാജി വക്കാന്‍ തയ്യാറാകുമോ എന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണം. ഫാഷിസത്തിനെതിരെ പ്രസംഗിക്കുകയും അണിയറയില്‍ ബിജെപിയുമായി വോട്ട് കച്ചവടം നടത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ് ശൈലി ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

സിപിഎം-കോണ്‍ഗ്രസ് ഫാഷിസ്റ്റ് വിരുദ്ധത വെറും വാക്കിലൊതുക്കി, പലയിടങ്ങളിലും ബിജെപിക്ക് വളമിടുന്ന നിലപാടാണ് സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ഇവരുടെ നേതാക്കള്‍ കാവി പുതയ്ക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. മതേതര വോട്ടുകള്‍ വാങ്ങി വിജയിച്ച ശേഷം ബിജെപി പാളയത്തില്‍ ചെന്ന് നില്‍ക്കുന്ന ഈ പാരമ്പര്യം വോട്ടര്‍മാരോടുള്ള പരസ്യമായ ചതിയാണ്.

കേരളത്തിന്റെ മതേതര മനസ്സിനെ വഞ്ചിക്കുന്ന ഇത്തരം കൂട്ടുകെട്ടുകളെ ഒറ്റപ്പെടുത്തിയേ മതിയാകൂ. വോട്ട് വാങ്ങി വഞ്ചിക്കുന്ന ട്വന്റി 20-ക്കും, അവര്‍ക്ക് തണലൊരുക്കുന്ന ഇടത്-വലത് മുന്നണികള്‍ക്കുമെതിരെ വഞ്ചിക്കപ്പെട്ട ജനത അര്‍ഹമായ സമയത്ത് മറുപടി നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.