ബിഹാര്‍: കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി ഉവൈസിയുടെ മറുപടി

Update: 2020-11-11 18:33 GMT

ഹൈദരാബാദ്: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് കണക്കുകള്‍ അക്കമിട്ടുനിരത്തി എഐഎംഐഎ നേതാവ് അസുദീദ്ദിന്‍ ഉവൈസി. വീഴ്ചയുണ്ടായത് മഹാസഖ്യത്തിനാണെന്നും ഇന്ത്യയില്‍ എവിടെ തിരഞ്ഞെടുപ്പ് നടന്നാലും തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നും ഭരണഘടന അനുവദിച്ചു നല്‍കിയ അവകാശം പാടില്ലെന്ന് പറയാന്‍ അവര്‍ ആരാണെന്നും ഉവൈസി ചോദിച്ചു. ഉവൈസി ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും സൂക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മാത്രമല്ല, പലരും ഉവൈസി ചാരനും ഒറ്റുകാരനുമാണെന്നും വിമര്‍ശിക്കുന്നതിനിടെയാണ് തെളിവുകള്‍ നിരത്തി രംഗത്തെത്തിയത്. എഐഎംഐഎം മല്‍സരിച്ച 20 സീറ്റുകളില്‍ ആറെണ്ണത്തിലാണ് എന്‍ഡിഎ ജയിച്ചത്. ഇതില്‍ അഞ്ചിലും ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകളേക്കാള്‍ ഭൂരിപക്ഷമാണ് അവര്‍ക്കുള്ളത്. അതായത്, ഞങ്ങള്‍ മല്‍സരിച്ചിട്ടില്ലെങ്കിലും അവിടങ്ങളില്‍ അവര്‍ ജയിക്കുമായിരുന്നു. ഈ സീറ്റുകളില്‍ എന്‍ഡിഎയെ തോല്‍പിക്കുന്നതില്‍ മഹാസഖ്യത്തിനാണ് വീഴ്ച പറ്റിയതെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

   

'മല്‍സരിച്ച 20 സീറ്റുകളില്‍ അഞ്ചിടത്ത് ഞങ്ങള്‍ ജയിച്ചു. ബാക്കി ഒമ്പതില്‍ മഹാസഖ്യവും ആറില്‍ എന്‍ഡി.എയും ജയിച്ചു. എന്‍ഡിഎ ജയിച്ച സീറ്റുകളില്‍ ഞങ്ങളുടെ വോട്ടുകളേക്കാള്‍ ഉയര്‍ന്നതാണ് അവരുടെ ഭൂരിപക്ഷം. തീവ്രവാദ പശ്ചാത്തലമുള്ള ദുര്‍ഗാവാഹിനിയുടെ നേതാവായിരുന്ന ആളെയാണ് ആര്‍ജെഡി ഷേര്‍ഘട്ടിയില്‍ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചത്. മൗലികവാദത്തെക്കുറിച്ചും വോട്ട് ഭിന്നിപ്പിക്കുന്നതിനെ കുറിച്ചും എന്നിട്ടും വിമര്‍ശകര്‍ എന്താണ് പറയുന്നത്'-ഉവൈസി ചോദിച്ചു.

    ഉവൈസി നേതൃത്വം നല്‍കുന്ന എഐഎംഐഎം മല്‍സരിച്ച ഛാട്ടപ്പൂര്‍, ബരാരി, പ്രാണ്‍പൂര്‍, നര്‍പട് ഗഞ്ച്, സാഹെബ് ഗഞ്ച്, റാണി ഗഞ്ച് എന്നിവിടങ്ങളിലാണ് എന്‍ഡിഎ ജയിച്ചത്. ഇവിടങ്ങളിലെ വോട്ടുവിവരങ്ങളുടെ പട്ടികയും ഉവൈസി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇതനുസരിച്ച് ഛാട്ടപ്പൂരില്‍ ബിജെപിക്ക് 20,635 ആണ് ഭൂരിപക്ഷം. അതേസമയം എഐഎംഐഎമ്മിനു വെറും 1990 വോട്ടുകളാണു ലഭിച്ചത്. ബരാരിയില്‍ ജെഡിയു 10,438 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ എഐഎംഐഎമ്മിന് 6,598 വോട്ടാണ് ലഭിച്ചത്. പ്രാണ്‍പൂരില്‍ ബിജെപിക്ക് 2,972 വോട്ടാണ് ഭൂരിപക്ഷം. എന്നാല്‍, എഐഎംഐഎമ്മിന് ഇവിടെ ആകെ ലഭിച്ചത് 508 വോട്ടുകളാണ്. നര്‍പട് ഗഞ്ചില്‍ ബിജെപിക്ക് 28,610 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ എഐഎംഐഎം നേടിയത് 5,495 വോട്ട്. സാഹെബ് ഗഞ്ചില്‍ എന്‍ഡിഎ ഘടക കക്ഷിയായ വിഐപി 15,333 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ ഉവൈസിയുടെ പാര്‍ട്ടിക്കു ലഭിച്ചത് 4,055 വോട്ടാണ്. ഇതിലെല്ലാം റാണിഗഞ്ചില്‍ മാത്രമാണ് എഐഎംഐഎം സ്ഥാനാര്‍ഥി നേടിയ വോട്ടിന്റെ വ്യത്യാസത്തില്‍ മഹാസഖ്യത്തിനു തോല്‍വിയുണ്ടായത്.

    ഇവിടെ എന്‍ഡിഎ 2,304 ഭൂരിപക്ഷം നേടിയപ്പോള്‍ എഐഎംഐഎമ്മിനു 2,412 വോട്ടുകള്‍ ലഭിച്ചു. ഈ വോട്ട് പൂര്‍ണമായും ആര്‍ജെഡിക്കു പോവുകയാണെങ്കില്‍ 108 വോട്ടിന്റെ വ്യത്യാസത്തില്‍ മഹാസഖ്യത്തിന് ഒരുസീറ്റ് കൂടി ലഭിക്കുമായിരുന്നുവെന്നു മാത്രം. കോണ്‍ഗ്രസ്-ആര്‍ജെഡി-ഇടതു കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന മഹാസഖ്യം തന്നോടും തന്റെ പാര്‍ട്ടിയോടും തൊട്ടുകൂടായ്മ മനോഭാവം കാട്ടുകയും മുഖം തിരിക്കുകയും ചെയ്തതോടെയാണ് മായാവതിയുടെ ബിഎസ് പി പോലെയുള്‌ല ചെറുകക്ഷികളുമായി ചേര്‍ന്ന് 20 മണ്ഡലങ്ങളില്‍ മല്‍സരിച്ചതെന്നും ഹൈദരാബാദില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഉവൈസി പറഞ്ഞു. ഇന്ത്യയില്‍ ബിജെപിക്ക് അധികാരത്തിലേറാന്‍ വഴിയൊരുക്കിയത് കോണ്‍ഗ്രസാണെന്നും ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പരാജയകാരണം എന്താണെന്നും ഉവൈസി ചോദിക്കുന്നു. കേരളത്തില്‍ ഉള്‍പ്പെടെ ഉവൈസിയുടെ വിജയത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സാമൂഹികമാധ്യമ ഇടപെടലുകളെ പൊളിച്ചടുക്കുന്നതാണ് തിരഞ്ഞെടുപ്പ് കണക്കുകള്‍ എന്നതും ശ്രദ്ധേയമാണ്.

NDA would have won regardless of our candidates, Owaisi takes swipe at 'vote katwa' jibe

Tags:    

Similar News