'എന്ത് വന്നാലും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നവാബ് മാലിക്കിനെ നിര്‍ബന്ധിക്കില്ല'; നിലപാട് കടുപ്പിച്ച് മഹാരാഷ്ട്ര എന്‍സിപി നേതൃത്വം
ഇഡി അറസ്റ്റുചെയ്ത മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ ബിജെപി പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് എന്‍സിപിയുടെ പ്രതികരണം. മാലിക്ക് രാജിവയ്ക്കുന്നതുവരെ നിയമസഭ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ ഭീഷണി.
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ രാജിയുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി നേതൃത്വം. 'എന്ത് വന്നാലും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നവാബ് മാലിക്കിനെ നിര്‍ബന്ധിക്കില്ലെ'ന്ന് മഹാരാഷ്ട്ര എന്‍സിപി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് എന്‍സിപി നിലപാട് ആവര്‍ത്തിച്ചത്.
ഇഡി അറസ്റ്റുചെയ്ത മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ ബിജെപി പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് എന്‍സിപിയുടെ പ്രതികരണം. മാലിക്ക് രാജിവയ്ക്കുന്നതുവരെ നിയമസഭ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ ഭീഷണി. പ്രതിപക്ഷമായ ബിജെപി സഭയില്‍ ബഹളമുണ്ടാക്കട്ടെ... ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. രാജിയില്ല എന്നതിനര്‍ഥം രാജിയില്ല' പാട്ടീല്‍ പറഞ്ഞു. ഫെബ്രുവരി 23ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാലിക്കിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം ഇക്കാര്യം വ്യക്തമാക്കിയതാണ്.
നിയമസഭാ സമ്മേളനത്തിന് മുമ്പ് സര്‍ക്കാരിനെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും രാജി ആവശ്യപ്പെടുകയും പിന്നീട് നിയമസഭ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് പ്രതിപക്ഷ പാര്‍ട്ടിയുടെ ശീലമായിരിക്കുകയാണെന്ന് ബിജെപിയെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രതിപക്ഷം സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് തീരുമാനമെടുക്കണമെന്നും പാട്ടീല്‍ പറഞ്ഞു. 'ഞങ്ങള്‍ അവരെ എല്ലായ്‌പ്പോഴും എന്നപോലെ സെഷന്‍ ഈവ് ടീ പാര്‍ട്ടിക്ക് ക്ഷണിക്കും, പക്ഷേ അവര്‍ പതിവുപോലെ അത് ബഹിഷ്‌കരിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്ന് ഞങ്ങള്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുന്നു- പാട്ടീല്‍ ചൂണ്ടിക്കാട്ടി.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വൈകീട്ട് സര്‍വകക്ഷി മന്ത്രിമാരുമായി അവലോകന യോഗം വിളിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിലുണ്ടവാന്‍ സാധ്യതയുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഹാ വികാസ് അഘാഡി യോഗവും ചേര്‍ന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട അധോലോക കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് 62 കാരനായ മന്ത്രിയെ ഫെബ്രുവരി 23ന് ഇഡി അറസ്റ്റ് ചെയ്തത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് നവാബ് മാലിക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
