ഫാറൂഖ് അബ്ദുല്ലയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി

കഴിഞ്ഞ 62 ദിവസമായി വീട്ടു തടങ്കലിലാണ് ഫാറൂഖ് അബ്ദുല്ലയും ഒമറും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയത്.

Update: 2019-10-06 05:32 GMT

ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 15 നേതാക്കള്‍ക്കാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അനുമതി നല്‍കിയത്.

ഇരുവരെയും സന്ദര്‍ശിക്കാന്‍ റാണ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അനുമതിക്കായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും അപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരെയും കാണാനുള്ള അനുമതി ലഭിച്ചത്. ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ വസതിയിലും ഒമര്‍ അബ്ദുല്ലയെ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് തടങ്കിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ 62 ദിവസമായി വീട്ടു തടങ്കലിലാണ് ഫാറൂഖ് അബ്ദുല്ലയും ഒമറും. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയത്.