തബ് ലീഗ് ജമാഅത്തിനെതിരായ വിദ്വേഷ പ്രചാരണം: ന്യൂസ് 18 കന്നഡയ്ക്കും സുവര്‍ണ ന്യൂസിനും പിഴ ചുമത്തി

Update: 2021-06-17 18:05 GMT
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന മതചടങ്ങിന്റെ പേരില്‍ കൊവിഡ് വ്യാപനത്തിനു തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്തയും പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തതിന് രണ്ട് ചാനലുകള്‍ക്കു പിഴ ചുമത്തി. ന്യൂസ് 18 കന്നഡയ്ക്ക് ഒരു ലക്ഷം രൂപയും ഏഷ്യാനെറ്റിനു കീഴിലുള്ള സുവര്‍ണ ന്യൂസിന് അര ലക്ഷം രൂപയുമാണ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ന്റേഡ് അതോറിറ്റി (എന്‍ബിഎസ്എ) പിഴ ചുമത്തിയത്. ഇംഗ്ലീഷ് വാര്‍ത്താചാനലായ ടൈംസ് നൗവിനെ സെന്‍സര്‍ഷിപ്പിനു വിധേയമാക്കുകയും ചെയ്തു. യുനൈറ്റഡ് എഗയ്ന്‍സ്റ്റ് ഹേറ്റ് സ്പീച്ച് നല്‍കിയ പരാതിയിലാണ് നടപടി.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ 2020 മാര്‍ച്ചില്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന മതചടങ്ങിന്റെ പേരില്‍ സ്ഥാപനം അടപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത തബ് ലീഗ് ജമാണത്ത് അംഗങ്ങളായ നിരവധി പേര്‍ക്ക്

    കൊറോണ വൈറസ് ബാധിച്ചെന്നായിരുന്നു ആരോപണം. മാര്‍ച്ച് 13 നും 24 നും ഇടയില്‍ 16,500 പേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്തിന്റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നുവെന്ന് പറഞ്ഞ് കൊവിഡ് വ്യാപനത്തിന് മുസ് ലിം സമുദായത്തെ കുറ്റപ്പെടുത്തുന്ന വിവിധ വാര്‍ത്താ റിപോര്‍ട്ടുകള്‍ നല്‍കിയതിനാണ് നടപടി. ന്യൂസ് 18 കന്നഡയുമായി ബന്ധപ്പെട്ട്, ചില പ്രോഗ്രാമുകള്‍ അവതരിപ്പിച്ച രീതി വളരെയധികം ആക്ഷേപകരമാണെന്ന് എന്‍ബിഎസ്എ വിലയിരുത്തി. 2020 ഏപ്രില്‍ ഒന്നിന് സംപ്രേഷണം ചെയ്ത 'ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസ് എങ്ങനെയാണ് കൊറോണ വൈറസ് രാജ്യത്തേക്ക് വ്യാപിപ്പിച്ചത് എന്ന് നിങ്ങള്‍ക്കറിയാമോ', 'കര്‍ണാടകയില്‍ നിന്ന് എത്ര പേര്‍ ഡല്‍ഹിയിലെ ജമാഅത്ത് സഭയിലേക്ക് പോയി' എന്ന തലക്കെട്ടിലായിരുന്നു സംപ്രേഷണം ചെയ്തു.

    'പ്രോഗ്രാമുകളുടെ സ്വരം, ഭാഷ എന്നിവ വിചിത്രവും മുന്‍വിധിയോടെയുള്ളതുമായിരുന്നു. പ്രോഗ്രാമുകളാവട്ടെ മുന്‍വിധിയോടെയുള്ളതും പ്രകോപനപരവുമായിരുന്നു. ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെക്കുറിച്ചറിയാതെ എല്ലാ അതിരുകളും ലംഘിച്ചു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിനും ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടെന്നും എന്‍ബിഎസ്എ ഉത്തരവില്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നതിനു പുറമെ ജൂണ്‍ 23ന് രാത്രി 9നു മുമ്പ് ക്ഷമാപണം സംപ്രേഷണം ചെയ്യണമെന്നും എന്‍ബിഎസ്എ ചാനലിന് നിര്‍ദേശം നല്‍കി. ക്ഷമാപണം എഴുതിയും ശബ്ദം നല്‍കിയും സംപ്രേഷണം ചെയ്യണം. ചാനലിന്റെ വെബ്‌സൈറ്റില്‍ നിന്നും യൂട്യൂബില്‍ നിന്നും ഇത്തരം പരിപാടികളുടെ വീഡിയോ ഏഴു ദിവസത്തിനകം നീക്കം ചെയ്ത് രേഖാമൂലം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    2020 മാര്‍ച്ച് 31 നും 2020 ഏപ്രില്‍ 4 നും ഇടയില്‍ സംപ്രേഷണം ചെയ്ത ആറ് പരിപാടികള്‍ വസ്തുനിഷ്ഠതയോ നിഷ്പക്ഷതയോ ഇല്ലാത്തതാണെന്നും ഒരു പ്രത്യേക മതത്തിനെതിരേ മുന്‍വിധിയോടെയുള്ളതാണെന്നും സുവര്‍ണ ന്യൂസിനെ എന്‍ബിഎസ്എ അറിയിച്ചു. പരിപാടികളുടെ ശീര്‍ഷകങ്ങള്‍ വര്‍ഗീയ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഫലമുണ്ടാക്കിയെന്നും എന്‍ബിഎസ്എ അഭിപ്രായപ്പെട്ടു. ടൈംസ് നൗവിന്റെ പ്രോഗ്രാമുകളില്‍ പാനലിസ്റ്റുകളെ നിശ്ചയിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അവതാരകന്‍ ഉപയോഗിക്കുന്ന വാക്കുകളും രീതിയും ഒഴിവാക്കാമായിരുന്നുവെന്നും എന്‍ബിഎസ്എ നിര്‍ദേശിച്ചു.

NBSA fines News18 Kannada, Suvarna News, censures Times Now


Tags:    

Similar News