പോലിസിനെ നിരീക്ഷിക്കാൻ മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്ന് ഡിഐജി

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗോണ്ടിയ ജില്ലയിലെ പിപ്രീപറ്റ പ്രദേശത്തും ഗാഡ്ചിറോളി ജില്ലയിലെ വെങ്കടാപൂരിലും ഡ്രോണുകൾ കണ്ടതായി അദ്ദേഹം പറഞ്ഞു.

Update: 2021-07-30 16:38 GMT

നാഗ്പൂര്‍ : വനപ്രദേശത്ത് ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലിസിനെ നിരീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പോലിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഛത്തീസ്ഗഢ് അതിര്‍ത്തിയിലുള്ള പോലിസ് പോസ്റ്റുകള്‍ മാവോവാദികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയതായി പിടിഐ റിപോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗോണ്ടിയ ജില്ലയിലെ പിപ്രീപറ്റ പ്രദേശത്തും ഗാഡ്ചിറോളി ജില്ലയിലെ വെങ്കടാപൂരിലും ഡ്രോണുകൾ കണ്ടതായി അദ്ദേഹം പറഞ്ഞു. കല്യാണ വീഡിയോകൾ ഷൂട്ട് ചെയ്യാനുപയോ​ഗിക്കുന്ന ഡ്രോണുകളാണ് പോലിസിനെ നിരീക്ഷിക്കാൻ ഉപയോ​ഗിക്കുന്നതെന്ന് ഗഡ്ചിറോളി റേഞ്ച് ഐ ജി സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കിടെ പലതവണ ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശം പാലിച്ച് മാവോവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് പാട്ടീല്‍ സൂചിപ്പിച്ചു. ഇത്തരം ഭീഷണികളെ നേരിടാൻ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പോളിസി (എസ്ഒപി) പ്രകാരമാണ് പോലിസ് കർശന നടപടികൾ സ്വീകരിക്കുന്നതെന്നും ഡിഐജി പറഞ്ഞു.

മാവോവാദികള്‍ ഉപയോഗിക്കുന്നത് ഭാരം വഹിക്കാന്‍ ശേഷിയുള്ള ആധുനിക ഡ്രോണുകളല്ല. വീഡിയോ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്നവയാണെന്ന് പോലിസ് പറഞ്ഞു. ഹൈദരാബാദില്‍ നിന്നാണ് ഇവ മാവോവാദികള്‍ക്ക് ലഭിച്ചത് എന്നതാണ് പോലിസിന് ലഭിച്ച വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.