വര്‍ഗീസ് വധം: 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള ഹരജി തീര്‍പ്പായി
നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസ് കൊള്ളയും കൊലയും നടത്തുന്ന ക്രിമിനലായിരുന്നു എന്നായിരുന്നു 2016 ജൂണില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സന്തോഷ് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്
കൊച്ചി: പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നക്‌സലേറ്റ് നേതാവ് വര്‍ഗീസിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹരജിയില്‍ തീരുമാനമായി. നഷ്ടപരിഹാരം നല്‍കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന സര്‍ക്കാര്‍ നിലപാടിന് ഹൈക്കോടതി അംഗീകാരം നല്‍കി. 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ് ഉള്‍പ്പെടെയുള്ള ബന്ധുക്കളാണ് ഹരജി നല്‍കിയത്.
ഹരജിക്കാരോട് സര്‍ക്കാരിന് മുമ്പില്‍ ഉചിതമായ അപേക്ഷ സമര്‍പ്പിക്കാനും അതില്‍ മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബന്ധുക്കൾ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ എടുത്തിരുന്ന നിലപാട് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസ് കൊള്ളയും കൊലയും നടത്തുന്ന ക്രിമിനലായിരുന്നു എന്നായിരുന്നു 2016 ജൂണില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സന്തോഷ് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. വിവാദമായതോടെ സത്യവാങ്മൂലത്തെ തള്ളി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തുകയും ചെയ്തു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പാര്‍ട്ടി നയത്തിന് നിരക്കുന്നതല്ലെന്നും പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഇതല്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. സത്യവാങ്മൂലം നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനായിരുന്നെന്നും ഈ അഭിഭാഷകനെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയിരുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
1970 ഫെബ്രുവരി 18 നാണ് വര്‍ഗീസിനെ തിരുനെല്ലിയിൽ നിന്ന് പിടികൂടി കൈയ്യും കാലും കെട്ടിയിട്ട് ഐജി ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം വെടിവച്ചു കൊന്നത്. ഏറ്റുമുട്ടലില്‍ മരിച്ചെന്ന വാര്‍ത്തയ്ക്കൊപ്പം പിറ്റേന്ന് മനോരമ ചാരി നിര്‍ത്തിയും മാതൃഭൂമി കിടത്തിയും വര്‍ഗീസിന്റെ മൃതദേഹത്തിന്റെ ചിത്രം നല്‍കിയത്. ഇത് ഒട്ടേറെ സംശയം ഉണ്ടാക്കി. 28 കൊല്ലം കഴിഞ്ഞ് 1998ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ സംഭവം വെളിപ്പെടുത്തിയതോടെയാണ് വ്യാജ എറ്റുമുട്ടൽകൊലയാണെന്ന് ലോകം അറിയുന്നത്.
