കാർഷിക നിയമങ്ങൾക്കെതിരേ നവംബർ 5ന്‌‌ രാജ്യവ്യാപക റോഡ്‌ ഉപരോധം

പഞ്ചാബിൽ പ്രതിഷേധിക്കുന്ന കർഷകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്ന സർക്കാർ നിലപാട്‌ ജനാധിപത്യ വിരുദ്ധം

Update: 2020-10-28 01:58 GMT

ന്യൂഡൽഹി: മൂന്ന്‌ കാർഷിക നിയമങ്ങൾക്കെതിരേയും വൈദ്യുതിനിയമ ഭേദഗതി ബില്ലിനുമെതിരേ നവംബർ അഞ്ചിന് ‌രാജ്യവ്യാപകമായി റോഡ്‌ ഉപരോധിക്കുമെന്ന്‌ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചാബിൽ പ്രതിഷേധിക്കുന്ന കർഷകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്ന സർക്കാർ നിലപാട്‌ ജനാധിപത്യ വിരുദ്ധമാണെന്ന്‌ കൺവീനർ വിഎം സിങ്‌ പറഞ്ഞു.

സംയുക്ത ട്രേഡ് യൂനിയൻ നവംബർ 26ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കർഷക സംഘടനകൾ ഗ്രാമീണ ഹർത്താൽ നടത്തും. 27ന്‌ ഡൽഹി ചലോ എന്ന പേരിൽ തലസ്ഥാനത്ത്‌ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംസ്ഥാന, പ്രാദേശിക തലത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫീസുകൾക്കും കോർപറേറ്റ്‌ കമ്പനികൾക്കും മുന്നിൽ പ്രതിഷേധ പരിപാടികൾ ഉണ്ടാകും.

അഞ്ഞൂറോളം കർഷക സംഘടനകൾ ഉൾപ്പെടുന്ന കോ–ഓർഡിനേഷൻ കമ്മിറ്റിയും പഞ്ചാബിലെ കർഷക നേതാക്കളായ സർദാർ ബൽബീർ സിങ്‌ രാജേവാൽ, ഗുർനാം സിങ്‌ ചന്ദുനി എന്നിവരുടെ നേതൃത്വത്തിലുള്ള ഫെഡറേഷനുകളും ഡൽഹിയിൽ സംയുക്ത യോഗം ചേർന്നു. തുടർ സമരങ്ങൾ സംയുക്തമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

പ്രതിഷേധ പരിപാടികൾക്കായി വിഎം സിങ്‌, സർദാർ ബൽബീർ സിങ്‌, ഗുർനാം സിങ്‌, രാജു ഷെട്ടി, യോഗേന്ദ്രയാദവ്‌ എന്നിവരുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിച്ചു. യോഗത്തിലും വാർത്താസമ്മേളനത്തിലും സാമൂഹ്യപ്രവർത്തക മേധാപട്‌ക്കർ, അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള, പ്രസിഡന്റ്‌ അശോക്‌ ധാവ്‌ലെ തുടങ്ങിയവരും പങ്കെടുത്തു.