കാര്‍ഷിക ബില്ലുകള്‍: പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടഞ്ഞു; കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങി

28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Update: 2020-09-24 11:59 GMT
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നു. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇന്നുമുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം.

കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭവും ഇന്ന് തുടങ്ങി. പാര്‍ടി ജനറല്‍ സെക്രട്ടറിമാരുടെ വാര്‍ത്താ സമ്മേളനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കും. 28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ടികളും കര്‍ഷക പ്രക്ഷോഭങ്ങളില്‍ അണിനിരക്കും.

നാളെയാണ് കര്‍ഷക സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ്. അതിനിടെ താങ്ങുവില കാര്‍ഷിക ബില്ലിന്റെ ഭാഗമാക്കണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താങ്ങുവില ഇല്ലാതാകുന്നതില്‍ ആശങ്ക അറിയിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തെത്തിയത്. താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം തൊട്ടുപിന്നാലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തന്നെ നല്‍കി.

ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുമ്പോള്‍ കാര്‍ഷിക ബില്ലിനോടുള്ള ജെഡിയു നിലപാട് പ്രതിപക്ഷത്തിന് ആയുധമാകും. അകാലിദളിന്റെ രാജിയും ജെജെപി നിലപാടും ഇപ്പോള്‍ ജെഡിയു വിയോജിപ്പും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.







Tags:    

Similar News