ശ്രീലങ്കയില്‍ സ്‌ഫോടനത്തിന് പിന്നില്‍ എന്‍ടിജെയെന്ന് സംശയം: സര്‍ക്കാര്‍

സ്‌ഫോടനത്തിന് അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാനായി ലോകരാജ്യങ്ങളുടെ സഹകരണം തേടിയതായും സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ കൊളംബോയ്ക്കടുത്തെ പെത്തായില്‍ നിന്നും 87 ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ നിര്‍വീര്യമാക്കിയതായി പോലിസ് അറിയിച്ചു.

Update: 2019-04-22 10:19 GMT

കൊളംബൊ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) ആണെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി രാജിത സേനരത്‌നെ. ശരീരത്തില്‍ സ്‌ഫോടനവസ്തുക്കളുമായെത്തിയ ശ്രീലങ്കന്‍ പൗരന്‍മാരായ ഏഴുപേരാണ് ആക്രമണം നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊളംബൊയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആക്രമണത്തിന് പിന്നില്‍ എന്‍ടിജെയെ സംശയിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ തുടരുന്ന അടിയന്തരാവസ്ഥ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഞായറാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

എന്‍ടിജെയ്ക്ക് അന്താരാഷ്ട്ര സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന് ശ്രീലങ്ക പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പുറമെ നിന്ന് സഹായം ലഭിക്കാതെ രാജ്യത്ത് അവര്‍ക്ക് ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാന്‍ സാധിക്കില്ല. പുറമെനിന്ന് സഹായം ലഭ്യമായിട്ടുണ്ടെന്നാണ് കരുതുന്നത്. സ്‌ഫോടനത്തിന് അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാനായി ലോകരാജ്യങ്ങളുടെ സഹകരണം തേടിയതായും സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ കൊളംബോയ്ക്കടുത്തെ പെത്തായില്‍ നിന്നും 87 ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ നിര്‍വീര്യമാക്കിയതായി പോലിസ് അറിയിച്ചു.

ക്രൈസ്തവ വിശ്വാസികളെയും വിദേശികളെയും ലക്ഷ്യമിട്ട് നടത്തിയ പരമ്പര ആക്രമണങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം 24 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തില്ല.

Similar News