ദേശീയ പൗരത്വരജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും; രാജ്യസഭയിലും ആവര്‍ത്തിച്ച് അമിത് ഷാ

ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ല. എന്‍ആര്‍സി എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണ്. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എന്‍ആര്‍സിയില്‍ ഇല്ലെന്നും അമിത് ഷാ വ്യക്തമാക്കി.

Update: 2019-11-20 10:40 GMT

ന്യൂഡല്‍ഹി: അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് രാജ്യസഭയിലും ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വരജിസ്റ്റര്‍ രാജ്യത്ത് മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് അമിത് ഷാ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ല. എന്‍ആര്‍സി എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണ്. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എന്‍ആര്‍സിയില്‍ ഇല്ലെന്നും അമിത് ഷാ വ്യക്തമാക്കി. മതഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടുത്തും. എന്‍ആര്‍സിയും പൗരത്വ ഭേദഗതി ബില്ലും രണ്ടാണ്. അയല്‍രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും.

ഹിന്ദു, ബുദ്ധ, സിഖ്, ജെയ്ന്‍, ക്രിസ്ത്യന്‍, പാര്‍സി അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കേണ്ടതുള്ള്. അതിനാണ് പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യം. അതുവഴി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 19 ലക്ഷത്തോളം പേരാണ് അസമില്‍ എന്‍ആര്‍സി പട്ടികയ്ക്ക് പുറത്തായത്. പൗരത്വരജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ അതില്‍നിന്ന് പുറത്താവുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാവും. അസമില്‍ ഇത്തരം ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചിരുന്നു. അഭിഭാഷകനെ നിയമിക്കുന്നതിനുള്ള ചെലവും അസം സര്‍ക്കാരാണ് വഹിക്കുന്നതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍ നിലവില്‍ എവിടേയും കര്‍ഫ്യൂ ഇല്ലെന്നും ജനങ്ങള്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്നും അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം, ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. പ്രാദേശിക ഭരണകൂടം സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നുണ്ട്. അനുയോജ്യമായ സമയത്ത് അവര്‍ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിക്കും. കശ്മീരില്‍ പാകിസ്താന്‍ ഇപ്പോഴും ഇടപെടുന്നുണ്ട്. അതുക്കൊണ്ടുതന്നെ സുരക്ഷയ്ക്ക് മുന്‍തൂക്കമുണ്ട്. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊള്ളും. ആഗസ്ത് അഞ്ചിനുശേഷം പോലിസ് വെടിവയ്പ്പില്‍ ആരും മരിച്ചിട്ടില്ല. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. മൊബൈല്‍ മെഡിസിന്‍ വാനുകളും ആരംഭിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News