നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധി രാവിലെ ഇഡിക്ക് മുന്നില്‍ ഹാജരാകും; രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫിസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല.

Update: 2022-07-21 01:05 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫിസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇഡി ഓഫിസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തപ്പോള്‍ ഇഡിയുടെ നടപടിക്കെതിരേ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇരുനൂറ്റി അന്‍പതോളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.

അതേസമയം രാജ്യമാകെ വന്‍ പ്രതിഷേധത്തിനും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുണ്ട്. രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സോണിയ ഗാന്ധിക്ക് എതിരായ നീക്കം മാത്രമല്ലിതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചൂണ്ടികാട്ടിയിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിന് എതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ പ്രതിഷേധിച്ച് നേതാക്കള്‍ കൂട്ട അറസ്റ്റ് വരിക്കും. പാര്‍ലമെന്റിലെ പ്രതിഷേധത്തിന് സിപിഎം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലെ സിപിഎം നിലപാട് വ്യത്യസ്ഥമാണെന്നും വേണുഗോപാല്‍ പറഞ്ഞു.